മാനന്തവാടി മട്ടന്നൂര്‍ വിമാനത്താവളറോഡ് അലൈമെന്റ് പ്ലാന്‍ തയ്യാറായി

0

മാനന്തവാടിയില്‍ നിന്ന് – കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നാലുവരിപ്പാതയുടെ അലൈമെന്റ് പ്ലാന്‍
അവതരിപ്പിച്ചു. മാനന്തവാടി സബ്ബ് കലക്ടര്‍ ഓഫീസില്‍ ഒ.ആര്‍.കേളു എം.എല്‍.എ, സബ്ബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റിപ്പോര്‍ട്ട് അവതരണം.മാനന്തവാടി ഗാന്ധിപാര്‍ക്ക് മുതല്‍ അമ്പായത്തോട് വരെ പതിനെട്ട് കിലോമീറ്റര്‍ പാത നവീകരണമാണ് ചര്‍ച്ചയായത്.നിരപ്പായ സ്ഥലങ്ങളില്‍ 24 മീറ്ററും, അല്ലാത്തിടങ്ങളില്‍ 30 മീറ്ററോളം വീതികൂട്ടിയാണ് നാലുവരിപ്പാത നിര്‍മ്മിക്കുന്നത്. പാതകടന്നുപോകുന്നയിടങ്ങളിലെ ആരാധനാലയങ്ങള്‍,വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതലായവയൊക്കെ ഒരുപരിധിവരെ ഒഴിവാക്കപ്പെടുമെങ്കിലും വ്യാപാര സ്ഥാപനങ്ങളും, വീടുകളും മറ്റും പൂര്‍ണ്ണമായോ,ഭാഗികമായോ നീക്കം ചെയ്യേണ്ടിവരുമെന്നത് ഉറപ്പാണ്. പൊതുജനവുമായി ഇക്കാര്യം പങ്കുവെക്കുന്നതിനായി നവംബര്‍ 16ന് പ്രത്യേക യോഗം ചേരും.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ ഉച്ചയ്ക്ക് 2 മണിക്കും നടത്തും.

മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നിന്നാരംഭിച്ച് ബോയ്‌സ് ടൗണ്‍-പാല്‍ചുരം-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ വരെ 64 കിലോ മീറ്ററുകള്‍ ദൂരമുള്ളതാണ് നിര്‍ദ്ദിഷ്ട വിമാനത്താവളം നാലുവരിപ്പാത. ഇതില്‍ ബോയ്‌സ് ടൗണ്‍ മുതല്‍ അമ്പായത്തോടിന് സമീപം വരെ പത്ത് മുതല്‍ 18 മീറ്റര്‍ വരെ വീതിയില്‍ രണ്ട് വരിപാതയായും, അവശേഷിക്കുന്ന ഭാഗം മുഴുവന്‍ 24 മുതല്‍ 30 മീറ്റര്‍ വരെ വീതിയിലായിരിക്കും പാതനിര്‍മ്മിക്കുക. നിലവിലുള്ള റോഡിനിരുവശവും തുല്യമായിരിക്കില്ല പാതയുടെ വിപുലീകരണം നടത്തുക. മറിച്ച് വളവുകളും, കയറ്റിറക്കങ്ങളും അടിസ്ഥാനപ്പെടുത്തിയായിരിക്കും റോഡ് വീതികൂട്ടുക.എന്നാല്‍ പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി ആരാധനാലയങ്ങള്‍ സ്പര്‍ശിക്കാതെയായിരിക്കും പാത കടന്നുപോകുകയെന്നത് അലൈമെന്റ് പ്ലാന്‍ വ്യക്തമാണ്.
ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധകളും അടങ്ങുന്ന യോഗത്തിലാണ് അലൈമെന്റ് പ്ലാന്‍ അവതരിപ്പിച്ചത്. കാലത്തിനനുസരിച്ച് നമ്മള്‍ മാറേണ്ടവരായതിനാല്‍ വികസന താല്‍പര്യം മുന്‍നിര്‍ത്തി ഏവരും നാലുവരിപ്പാതക്കായി ശ്രമിക്കണമെന്നും, പ്രതിസന്ധികളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാമെന്നും എം.എല്‍എ ഓആര്‍ കേളു പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു,കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍,തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!