സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം.
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ക്ക് പരിഹാരം നല്‍കുക, കേന്ദ്രസര്‍ക്കാര്‍ പൊതുവിതരണത്തെ തകര്‍ക്കുന്ന നടപടിയില്‍ നിന്ന് പിന്മാറുക, വ്യാപാരികളുടെ വേദന അതാത് മാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനകള്‍ സംയുക്തമായിട്ടാണ് 27 മുതല്‍ കടയടപ്പ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത് എന്നും, AKRRDA, KSRRDA, KREF (CITU)തുടങ്ങിയ സംഘടനകളുടെ കോര്‍ഡിനേഷന്‍ ആണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. വയനാട് ജില്ലാ സംയുക്ത സമരസമിതി ചെയര്‍മാന്‍ പി. ഷാജി യവനാര്‍കുളം, സിഎം ഇസ്മായില്‍, എന്‍ ഐ ഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.