20 ലക്ഷത്തില്‍ താഴെയുള്ള പ്രവൃത്തികള്‍ ഗുണഭോക്തൃസമിതികള്‍ക്ക് ഏറ്റെടുക്കാം

0

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ ഗ്രാമങ്ങളുടെ വികസന സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്യാനായി ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ മറ്റു വഴികള്‍ തേടും.20 ലക്ഷത്തില്‍ താഴെ അടങ്കലടങ്ങിയ പ്രോജക്ടുകള്‍ ഗുണഭോക്തൃസമിതികള്‍ക്ക് ഏറ്റെടുക്കാം. ജില്ലയിലെ നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവ് ശ്രദ്ധയില്‍പ്പെട്ടിടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഓരേ സമയം പരിസ്ഥിതിവാദിയും വികസനവാദിയും ആവാന്‍ പാടില്ല. നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവും കരാറുകാരുടെ നിസ്സഹകരണവും ഉദ്യോഗസ്ഥരുടെ കുറവും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതിക്ക് തടസ്സമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പദ്ധതികള്‍ യഥാസമയത്ത് പൂര്‍ത്തികരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി പദ്ധതി അവതാളത്തിലാവരുത്. തദ്ദേശ സ്ഥാപനങ്ങള്‍ നൂതന പ്രോജക്ടുകള്‍ തയ്യാറാക്കണം. പശ്ചാതല സൗകര്യ വികസനം മാത്രമല്ല വികസനം. മാലിന്യസംസ്‌ക്കരണവും തെരുവ് നായകളുടെ ഭീഷണിയും സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. ഒരോ ബ്ലോക്കിലും വാതക ശ്മശാനങ്ങള്‍, തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനുളള കേന്ദ്രങ്ങള്‍ , ആധുനിക അറവ്ശാലകള്‍ എന്നിവ വേണം. തെരുവ് നായകളെ കൊല്ലുകയല്ല വേണ്ടത്. അവയുടെ വംശവര്‍ദ്ധനവ് തടയുക എന്നതാണ് പ്രായോഗിക വഴി. ഇതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ താല്‍പര്യവും ജാഗ്രതയും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോ ബ്ലോക്ക് പഞ്ചായത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് ചെറിയ കഷ്ണങ്ങളാക്കി പുനരുപയോഗ സാധ്യമാക്കുന്നതിനുളള യൂണിറ്റുകള്‍ സ്ഥാപിക്കണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ റോഡ് ടാറിങ്ങിന് ഉപയോഗിക്കാന്‍ കഴിയും. എഞ്ചിനിയര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തണം.

Leave A Reply

Your email address will not be published.

error: Content is protected !!