റേഷന്‍ കടകള്‍ വൈവിധ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 5 റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നു. ബത്തേരി താലൂക്കിലെ വള്ളുവാടി, പൂതാടി എന്നിവിടങ്ങളിലും മാനന്തവാടി താലൂക്കില്‍ യവനാര്‍കുളത്തും വൈത്തിരി താലൂക്കില്‍ മേപ്പാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെയും റേഷന്‍ കടകളാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ടാകുന്നത്. റേഷന്‍ കടകളെ ആധുനികവത്ക്കരിച്ച് കൂടുതല്‍ ജനോപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2 കിലോ മീറ്റര്‍ ചുറ്റളവിനുളളില്‍ ബാങ്ക്, എ.ടി.എം, മാവേലി സ്റ്റോര്‍ എന്നിവയുടെ സേവനങ്ങള്‍ ലഭ്യമാകാത്ത ഇടങ്ങളിലെ റേഷന്‍ കടകളെയാണ് സ്മാര്‍ട്ടാക്കി കെ-സ്റ്റോറുകളാക്കുന്നത്.
സ്മാര്‍ട്ടായ റേഷന്‍ കടകളില്‍ ബാങ്ക്, എ.ടി.എം, മാവേലി സ്റ്റോര്‍ എന്നിവയുടെ സേവനം ലഭ്യമാകും. 5000 രൂപ വരെയുള്ള പണമിടപാടുകള്‍ കെ-സ്റ്റോറില്‍ സജ്ജീകരിച്ചിട്ടുള്ള ബാങ്കിംഗ് സംവിധാനത്തിലൂടെ നടത്താന്‍ കഴിയും. സപ്ലൈകോ മാവേലി സ്റ്റോറിലൂടെ ലഭ്യമാകുന്ന 13 ഇനം സബ്സിഡി ഇനങ്ങളും കെ.സ്റ്റോറിലൂടെ ലഭ്യമാകും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായും പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ അറുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുമാണ് കെ-സ്റ്റോര്‍ പദ്ധതി തുടങ്ങുന്നത്. സ്മാര്‍ട്ട് റേഷന്‍ കടകള്‍ തുടങ്ങാന്‍ അനുയോജ്യമായ 5 സ്ഥലങ്ങള്‍ അടങ്ങിയ പ്രെപ്പോസല്‍ സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാല്‍ സ്മാര്‍ട്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.