ഏദന്‍ റോള്‍ദോന്‍ ‘ബെസ്റ്റ് ബേബി’
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നടന്ന ബേബി ഷോയില്‍ ബെസ്റ്റ് ബേബി’യായി ഏദന്‍ റോള്‍ദോന്‍. മാനന്തവാടി കൂനാര്‍വയല്‍ സ്വദേശികളായ എലിസബത്ത്-റോള്‍ദോന്‍ ദമ്പതികളുടെ മകനാണ് ഏഴുമാസം പ്രായമുള്ള ഏദന്‍. കൂനാര്‍വയല്‍ സ്വദേശികള്‍ തന്നെയായ അമൃത-ഹരീഷ് ദമ്പതികളുടെ മകന്‍ അനിരുദ്ധ് ഹരീഷ് രണ്ടാംസ്ഥാനം നേടി. എട്ടുമാസമാണ് അനിരുദ്ധിന്റെ പ്രായം. 11 മാസം പ്രായമുള്ള മുഹമ്മദ് റിഷാന്‍ മൂന്നാം സ്ഥാനത്തെത്തി. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ റുബീന-സജീര്‍ ദമ്പതികളുടെ മകനാണ് റിഷാന്‍. ആറു ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആറുമാസം മുതല്‍ ഒന്നര വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ നിന്നാണ് ‘ബെസ്റ്റ് ബേബി’യെ കണ്ടെത്തിയത്. കൃത്യസമയത്ത് കുഞ്ഞിന് ഇമ്മ്യൂണൈസേഷന്‍ നല്‍കിയിട്ടുണ്ടോ എന്നതാണ് ആദ്യം പരിശോധിച്ചത്. പ്രായത്തിനനുസരിച്ച തൂക്കം, വളര്‍ച്ചാ ഘട്ടങ്ങളിലെ ശാരീരിക മാറ്റം, ആറുമാസം വരെയുള്ള ശരിയായ മുലയൂട്ടല്‍, തുടര്‍ന്നും മുലയൂട്ടുന്നുണ്ടോ, പ്രായത്തിനനുസരിച്ച പ്രസരിപ്പ് എന്നീ കാര്യങ്ങള്‍ അടുത്ത ഘട്ടങ്ങളില്‍ പരിശോധിച്ചു. ആദ്യസ്ഥാനങ്ങള്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് സമ്മാനവും നല്‍കി.