സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ സമയക്രമം പുതുക്കി. പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങും.
സിബിഎസ്ഇ, ഐസിഎസ്സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് പ്ലസ് വണ്‍ പ്രവേശനം നീളാന്‍ കാരണം. ഫലം വരാത്ത സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്ലസ് വണ്‍ സീറ്റിലേക്ക് അപേക്ഷിക്കാന്‍ ഇന്നു വരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാല്‍ ജൂലൈ 22ന് കേസ് പരിഗണിച്ചപ്പോള്‍ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് സമയം നീട്ടി നല്‍കിയത്.