ആദിവാസികളുടെ പുനരധിവാസം;സാധ്യമായ ഭൂമി കണ്ടെത്തും:ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍

0

സ്വന്തമായി ഭൂമിയില്ലാത്ത ജില്ലയിലെ 3215 ആദിവാസി കുടുംബങ്ങളെയും പുനരധിവസിക്കുന്നതിനുളള ഭൂമി കണ്ടെത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ആദിവാസി പുനരധിവാസത്തിന് ആവശ്യമായ ഭൂമി കണ്ടെത്താനുളള വിവിധ മാര്‍ഗങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ പരിഗണിക്കുന്നുണ്ട്. വിലകൊടുത്ത് ഭൂമി വാങ്ങിക്കുക, ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നിയമപരമായി ഏറ്റെടുക്കുക, വനം വകുപ്പ് വിട്ടുനല്കിയ ഭൂമി ഉപയോഗിക്കുക, കൈയേറിയ ഭൂമി സാധ്യമായ രീതിയില്‍ ഒഴിപ്പിക്കുക എന്നിവയാണ് ആദിവാസി പുനരധിവാസത്തിനായി പരിഗണിക്കുന്നത്. ഇതില്‍ വനം വകുപ്പ് വിട്ടുനല്കിയ ഭൂമി ആദ്യഘട്ടത്തില്‍ അര്‍ഹതപ്പെട്ട ആദിവാസികള്‍ക്ക് വിതരണം ചെയ്യും. സ്ഥലത്തിന്റെ പരിമിതി പരിഹരിക്കാനും കാലതാമസം ഒഴിവാക്കാനും 10 സെന്റില്‍ ഒരു വീടെന്ന ആശയമാണ് ജില്ലാ ഭരണകൂടം മുന്നോട്ടു വയ്ക്കുന്നത്. നിലവില്‍ സര്‍വ്വേ നടത്തി കണ്ടെത്തിയ കാരാപുഴ, വാകേരി സിസി, അറമല തുടങ്ങിയ സ്ഥലങ്ങള്‍ വാസയോഗ്യമായ സാഹചര്യമാണുള്ളത്. മറ്റുള്ള സ്ഥലങ്ങളുടെ സാഹചര്യങ്ങളും പരിശോധിച്ച് ഗുണഭോക്താക്കളുടെ പ്രദേശത്തിന് അടുത്ത് തന്നെ പുനരധിവാസം സാധ്യമാക്കും. ഇതിനായി ട്രൈബല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളുടെ യോഗം ചേരും. തുടര്‍ന്ന് സ്ഥലങ്ങളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ച് അനുമതി തേടും. 1999-ലെ കെഎസ്ടി ആക്ട് അനുസരിച്ച് ജില്ലയില്‍ 660 പേര്‍ക്കാണ് 486 ഏക്കര്‍ ഭൂമി ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. എന്നാല്‍ ഈ ഭൂമിയില്‍ നാമമാത്രമായ ഗുണഭോക്താക്കളാണ് താമസത്തിനെത്തിയത്. ഈ സാഹചര്യത്തില്‍ വിതരണം ചെയ്ത ഭൂമിയുടെ നിലവിലെ അവസ്ഥ പരിശോധിക്കും. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നിയമപരമായി നോട്ടിസ് നല്കി ഏറ്റെടുത്ത് അവശേഷിക്കുന്ന ആദിവാസികള്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരോട് ആഗസ്റ്റ് ഒന്‍പതിനു മുമ്പായി മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. എതിര്‍പ്പുകള്‍ രേഖപ്പെടുത്തേണ്ട അവസാന തീയതി 24 ആണ്. തഹദില്‍മാര്‍ 26 ന് വിവരങ്ങള്‍ ക്രോഡീകരിക്കണം. ആഗസ്റ്റ് 27 കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും അവലോകന യോഗം ചേരും. ഇതിലൂടെ ഗുണഭോക്താക്കള്‍ ഭൂമി ഏറ്റെടുക്കാത്തതിന്റെ കാരണം കണ്ടെത്താനും വെറുതെ കിടക്കുന്ന ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.

Leave A Reply

Your email address will not be published.

error: Content is protected !!