ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം.ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതിയില്ലാതെ ആരംഭിച്ച പുതിയ വിനോദോപാധികളുടെ നിര്‍മാണമാണ് സുരക്ഷാ അതോറിറ്റി തടഞ്ഞത്.ചട്ടങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കിയതെന്നും ആരോപണം.ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി മള്‍ട്ടി തിയ്യറ്ററും ഹോറര്‍ഹൗസും ബംപര്‍ കാറുകളുമാണ് പുതിയ നിര്‍മാണ പദ്ധതിയിലുള്ളത്..രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രവൃത്തികളാണ് നാല് ദിവസം മുമ്പ് ആരംഭിച്ചത്.ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന്‍ പ്രവേശന കവാടത്തിനോട് ചേര്‍ന്നാണ് മൂന്ന് പദ്ധതികള്‍ക്കായി ഭൂമി അനുവദിച്ചിരിക്കുന്നത്.പത്ത് വര്‍ഷത്തേക്കാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാകര്യ സംരംഭകര്‍ക്ക് പദ്ധതി നടത്താന്‍ ഹൈഡല്‍ ഡിപ്പാര്‍ട്ട്മെന്റ് ഭൂമി നല്‍കിയത്.വരുമാനത്തിന്റെ 22 ശതമാനം ഹൈഡല്‍ വകുപ്പിന് നല്‍കണമെന്നതാണ് വ്യവസ്ഥത.
മെയ് 14 നാണ് ഇത് സംബന്ധിച്ച് ഇ ടെണ്ടര്‍ ഹൈഡല്‍ വകുപ്പ് ക്ഷണിച്ചത്.മെയ് 22 ന് തന്നെ സ്വകാര്യ കമ്പനിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിതായാണ് രേഖകളിലുള്ളത്.ഹൈഡല്‍ കേന്ദ്രത്തില്‍ സ്ഥലവാടക നിശ്ചയിച്ച് മാത്രമെ പുതിയ സംരംഭങ്ങള്‍ക്ക് ഭൂമി വിട്ടു നല്‍കുകയുള്ളുവെന്ന തീരുമാനത്തിന് വിരുദ്ധമായാണ് റവന്യു വരുമാനത്തിന്റെ തോതിന് അനുസരിച്ച് പുതിയ സംരംഭങ്ങള്‍ക്ക് ഭൂമി നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.തുച്ഛമായ വരുമാനം മാത്രം ഹൈഡല്‍ കേന്ദ്രത്തിന് നല്‍കി പത്ത് വര്‍ഷത്തേക്ക് ഒരേക്കറോളം ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.ഈ ആരോപണം നിലനില്‍ക്കെയാണ് ഡാം സുരക്ഷാ അതോരിറ്റിയുടെ അനുമതിയില്ലാതെയാണ് നിര്‍മാണങങള്‍ നടത്തുന്നതെന്നും കണ്ടെത്തിയിരിക്കുന്നത്.മുന്‍ വര്‍ഷം നടത്തിയ പുഷ്പോത്സവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.