പുല്‍പ്പള്ളി: ജില്ലയിലെ വിനോദസഞ്ചാരമേഖലക്ക് ഉണര്‍വ് പകര്‍ന്ന് കുറുവാദ്വീപും, മാവിലാംതോട് പഴശ്ശി ലാന്റ് സ്‌കേപ്പ് മ്യൂസിയവും. നീണ്ട ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തിലാണ് കുറുവാദ്വീപ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തിട്ട് ഒരുമാസമാകുമ്പോള്‍ പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവേശനം നടന്നുവരുന്നതെങ്കിലും നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും പ്രകൃതിയുടെ ഈ മനോഹാരിത കാണാന്‍ എത്തുന്നത്. ഏറ്റവുമൊടുവില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാക്കം ഭാഗത്ത് കൂടിയെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഒരു ചങ്ങാടം കൂടി നീറ്റിലിറക്കിയിട്ടുണ്ട്. കുറുവയിലേക്കുള്ള പാതകളുടെ സൗന്ദര്യവത്ക്കരണം, സാഹസിക ടൂറിസത്തിന്റെ ഭാഗമായുള്ള റോപ്പ് സംവിധാനം, കുറുവയുടെ പേരില്‍ ബാഗ്, കരകൗശല ഉല്പന്നങ്ങള്‍ അടക്കമുള്ളവയുടെ ബ്രാന്റിംഗ് തുടങ്ങിയവയെല്ലാം നടപ്പിലാക്കാനാണ് വനംവകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ കുറുവയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരും. കുറുവാദ്വീപിലേക്ക് ആളുകളെത്തി തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, റെസ്റ്റോറന്റുകള്‍, ചെറുകിട വ്യാപാരങ്ങള്‍ എന്നിവക്കെല്ലാം ഉണര്‍വുണ്ടായിട്ടുണ്ട്. ഡി ടി പി സിയുടെ ഉടമസ്ഥതയിലുള്ള ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പഴശി ലാന്റ് സ്‌കേപ്പ് മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും നിലവില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. പഴശി വീരമൃത്യു വരിച്ച സ്ഥലമായതിനാല്‍ ഒട്ടനവധി ചരിത്രാന്വേഷകരും ഇവിടേക്ക് എത്തുന്നുണ്ട്. കോവിഡ് വ്യാപനത്തില്‍ അടച്ചിട്ടിരുന്ന ഈ ടൂറിസ്റ്റ് കേന്ദ്രവും തുറന്നുകൊടുത്തതോടെയാണ് സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്താന്‍ തുടങ്ങിയത്.
പഴശിരാജാവിന്റെ വീരചരിത്രം പ്രതിപാദിക്കുന്ന ഫൈബറില്‍ കൊത്തിയ ശില്‍പ്പങ്ങള്‍ ഉള്‍പ്പെടുന്ന ഓപ്പണ്‍ ആര്‍ട്ട്ഗാലറിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ബന്ദിപ്പൂര്‍ കടുവാസങ്കേതവും, വയനാട് വന്യജീവി സങ്കേതവും സംഗമിക്കുന്ന സ്ഥലം കൂടിയാണ് വണ്ടിക്കടവ് മാവിലാംതോട്. കബനിയുടെ കൈവഴിയായ കന്നാരംപുഴയുടെ തീരത്താണ് ഈ ടൂറിസ്റ്റ് കേന്ദ്രമെന്നതും മറ്റൊരു പ്രത്യേകതയാണ്. സഞ്ചാരികള്‍ക്കായി ഓപ്പണ്‍ സ്റ്റേജ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മ്മാണപ്രവൃത്തികള്‍ ഇവിടെ നടന്നുവരുന്നുണ്ട്. ശലഭോദ്യാനമടക്കമുള്ള പദ്ധതികളും ഇതോടൊപ്പം പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ടൂറിസം പ്രൊജക്ടായ രാമായണ സര്‍ക്യൂട്ട് പദ്ധതിയിലെ ഭൂരിഭാഗം പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത് പുല്‍പ്പള്ളി മേഖലയിലാണ്.
പുല്‍പ്പള്ളി ടൗണിലെ സീതാലവകുശക്ഷേത്രം, ചേടാറ്റിന്‍കാവ്, ആശ്രമംകൊല്ലി, ശിശുമല എന്നിങ്ങനെ രാമായാണവുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളെല്ലാം തന്നെ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളായി മാറും. ചീയമ്പം സര്‍വമത പ്രാര്‍ത്ഥനാകേന്ദ്രമടക്കമുള്ള ആരാധാനയങ്ങള്‍ തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമാകുമ്പോള്‍ അതും പുല്‍പ്പള്ളി മേഖലക്ക് പുത്തനുണര്‍വ് നല്‍കും. പുല്‍പ്പള്ളി മേഖലയിലെ ചേകാടി, കൊള്ളവള്ളി പാടങ്ങളടക്കം ഫാം ടൂറിസത്തിന് അനുയോജ്യമായ സ്ഥലങ്ങളാണ്.
പദ്ധതികളൊന്നും നിലവില്‍ ആവിഷ്‌ക്കരിച്ചിട്ടില്ലെങ്കിലും നിരവധി സഞ്ചാരികളാണ് സോഷ്യല്‍മീഡിയകള്‍ വഴി കേട്ടറിഞ്ഞ് ഇവിടേക്കെല്ലാമെത്തുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിനദി കാണാനും നിരവധി പേരാണ് എത്തുന്നത്. ഇവടേക്കെല്ലാമുള്ള വനപാതകളിലൂടെയുള്ള യാത്രകളും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എങ്ങനെ നോക്കിയാലും വയനാടിന്റെ ടൂറിസം ഭൂപടത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് പുല്‍പ്പള്ളി മേഖല.