പഠനം നിര്‍ത്താനൊരുങ്ങിയ കുട്ടികള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി തുണയായി

0

പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ മനസ്സുമടുത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കാനൊരുങ്ങിയ മേപ്പാടി ചെമ്പോത്തറ പണിയ കേളനിയിലെ ശരത്തിനും വിഷ്ണുവിനും തുണയായി മേപ്പാടി ഗ്രാമപഞ്ചായത്ത് രംഗത്തുവന്നു.മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 7,8 ക്ലാസുകളിലേക്ക് വിജയിച്ച കുട്ടികളാണ് പ്രതികൂല സാഹചര്യത്തില്‍ പഠനം നിര്‍ത്താനൊരുങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഭരണസമിതി നല്‍കിയ പ്രചോദനം കുട്ടികള്‍ക്ക് തുണയായി.21-ാം വാര്‍ഡിലെ ചെമ്പോത്തറ കോളനിയിലുള്ള ശരത്ത്, വിഷ്ണു എന്നിവര്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച നിലയിലാണെന്ന് ട്രൈബല്‍ പ്രൊമോട്ടറാണ് പ്രസിഡന്റ് സഹദിനെ അറിയിച്ചത്. ഇനി സ്‌കൂളില്‍ പോവുന്നില്ലെന്നു പറഞ്ഞ് ഇവര്‍ വിഷ്ണുവിന്റെ അടച്ചിട്ട വീട്ടിനുള്ളില്‍ കഴിയുകയായിരുന്നു. സഹദ് കുട്ടികളോട് ഫോണില്‍ സംസാരിച്ചപ്പോഴും അവര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്. തനിക്കവരെ നേരില്‍ കാണണമെന്നും പഞ്ചായത്ത് ഓഫീസില്‍ വരെ വരണമെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് രണ്ടു പേരും പ്രൊമോട്ടറുടെ കൂടെ രാവിലെ 10 മണിയോടെ ഓഫീസിലെത്തിയത്. പ്രസിഡന്റ് തന്റെ ക്യാബിനില്‍ അവരെ ഇരുത്തി. തന്നെ സന്ദര്‍ശിക്കാനെത്തിയ ആളുകളേയും അവരുടെ വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാന്‍ ശരത്തിനും വിഷ്ണുവിനും അവസരം ലഭിച്ചു. ശരത്തിന്റെ അമ്മ മരിച്ചുപോയി. അച്ഛന്‍ ഇവരെ ഉപേക്ഷിച്ചു പോയതുമാണ്. ആ അനാഥത്വമാണ് 8-ാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയായ ശരത്തിനെ അന്തര്‍മുഖനാക്കിയത്. 7-ാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയായ വിഷ്ണുവിന്റെ അച്ഛനും ജീവിച്ചിരിപ്പില്ല. അമ്മ ശാരദ കൂലിപ്പണിക്കു പോയിട്ടാണ് കുടുംബം പോറ്റുന്നത്. 5-ാം ക്‌ളാസ്സില്‍ പഠനം നിര്‍ത്തിയ ജ്യേഷ്ഠന്‍ കണ്ണനും കൂലിപ്പണിക്കു പോകുന്നു. ഒരു ചേച്ചിയുമുണ്ട്.പ്രതികൂല സാഹചര്യങ്ങളാണിവരെ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. പ്രസിഡന്റ് ഇവരെ പഞ്ചായത്തിന്റെ വാഹനത്തില്‍ കയറ്റി ടൗണില്‍ പോയി. ചില്ലറ സാധനങ്ങളൊക്കെ വാങ്ങിക്കൊടുത്തു. ഹോട്ടലില്‍ കയറ്റി ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുത്തു. വിഷ്ണുവിന് കളിക്കാന്‍ ഒരു ഫുട്‌ബോളും വാങ്ങിക്കൊടുത്തു. 4 മണിക്കൂറോളം പഞ്ചായത്ത് ഓഫീസില്‍ ചിലവഴിച്ച കുട്ടികള്‍ക്ക് സമൂഹത്തില്‍ മറ്റു പലരും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് ബോദ്ധ്യപ്പെട്ടു. സ്‌കൂള്‍ യൂണിഫോം ലഭിക്കാന്‍ സമയമാവുന്നതേയുള്ളു. പുസ്തകങ്ങളും ലഭിക്കും. മറ്റ് പഠനോപകരണങ്ങളും ആവശ്യമായ സാധനങ്ങളും സഹായവും പ്രസിഡന്റ് ഉറപ്പു നല്‍കിയതോടെ നാളെ മുതല്‍ സ്‌കൂളില്‍ പോകാമെന്ന് ഇരുവരും ഉറപ്പു നല്‍കി.പ്രസിഡന്റ് നേരിട്ടുതന്നെ ഇരുവരേയും സ്‌കൂളില്‍ കൊണ്ടു പോകുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!