ആകാശത്ത് വോട്ടില്ലെന്ന്: കോടിയേരി

0

വയനാട് മണ്ഡലം ചരിത്ര സംഭവമാവുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വോട്ട് എണ്ണുമ്പോള്‍ ആകാശത്ത് വോട്ടില്ലെന്ന കാര്യം തെളിയിക്കപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. സുനീറിന്റെ പ്രചരണാര്‍ഥം മാനന്തവാടിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഹെലിക്കോപ്റ്ററില്‍ പോകുന്ന തിരക്കിലാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആകാശത്ത് വോട്ടില്ല എന്ന കാര്യം അവര്‍ക്ക് വ്യക്തമാവും. ആകാശത്തെ വോട്ട് യു.ഡി.എഫിനും ഭൂമിയിലെ വോട്ട് എല്‍.ഡി.എഫിനും ലഭിക്കുന്ന സ്ഥിതി വിശേഷമാണ് വരാനിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രസിഡണ്ടാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. അദ്ദേഹം ജയിച്ചാല്‍ വാര്‍ത്തയല്ല, എന്നാല്‍ തോറ്റാല്‍ അതൊരു വലിയ വാര്‍ത്തയാണ്. ആ വാര്‍ത്ത ഏറെ താമസിയാതെ ജനം കേള്‍ക്കും. അങ്ങനെ വന്നാല്‍ വയനാടിനെ മുഴുവന്‍ ജനം അന്വേഷിക്കും. പോകുന്നിടത്തൊക്കെ വയനാട്ടുകാരെ ജനം സല്യൂട്ട് ചെയ്ത് സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. 1952- ല്‍ വയനാട് ഒരു ചരിത്രം രചിച്ചതാണ്. ആഭ്യന്തര മന്ത്രിയായിരുന്ന കോഴിപ്പുറത്ത് മാധവമേനോനെ പത്മപ്രഭാ ഗൗഡര്‍ തോല്‍പ്പിച്ച ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ ഇത്തവണയും വയനാട് ചരിത്രം രചിക്കുമെന്നും കോടിയേരി കൂട്ടി ചേര്‍ത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ പറയുന്നു സി.പി.എം നെ ഒന്നും പറയില്ലെന്ന് എന്നാല്‍ രാഹുല്‍ എന്തെങ്കിലും പറയണമെന്നും കോടിയേരി പറഞ്ഞു. മാനന്തവാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി.പി. സുനീര്‍, മന്ത്രി കെ.കെ. ശൈലജ, ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ്‌കുമാര്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, എം.വി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!