കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്. പരാജയപ്പെട്ട എം.പിയാണ് രാഹുല്‍ എന്നും പ്രളയത്തിന്റെ ഉത്തരവാദി പിണറായി വിജയനാണെന്നും നിര്‍മ്മല സീതാരാമന്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മന്ത്രി സംസാരിച്ചത്. അമേഠി മണ്ഡലത്തിലെ വികസനം തടഞ്ഞത് രാഹുലാണ്. നെഹ്റു ചത്ത കുതിര എന്ന് വിളിച്ച മുസ്ലിം ലീഗിന്റെ പുറകിലിരുന്നാണ് രാഹുല്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇടതു പക്ഷത്തിന് ഇരട്ടത്താപ്പാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഒന്നാണ്. കേരളത്തില്‍ ഉണ്ടായ പ്രളയത്തെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളയവുമായി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്നും നിര്‍മ്മലാ സീതാരാമന് ആരോപിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ വിജയിപ്പിച്ച് നരേന്ദ്ര മോഡിയുടെ കൈകള്‍ക്ക് ശക്തി പകരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അറിയിച്ചതിലും അരമണിക്കൂര്‍ വൈകിയെത്തിയ മന്ത്രിയെ കാണാന്‍ ആയിരങ്ങളാണ് ബത്തേരിയില്‍ തടിച്ചു കൂടിയത്.