മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരാതിയുമായി ദുരന്തബാധിതര്‍. അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. അതേസമയം രണ്ടാംഘട്ട പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പരിശോധനയും വിവരശേഖരണവും നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ മറ്റൊരിടത്തും വീടില്ലാത്ത 242 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 10ാം വാര്‍ഡില്‍ 51 പേരും , 11ാം വാര്‍ഡില്‍ 83 പേരും , 12ാം വാര്‍ഡില്‍ 108 പേരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച ഈ പട്ടികയില്‍ ഭൂമിയും വീടുമടക്കം നഷ്ടപ്പെട്ടവരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. 80 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട് നഷ്ടപ്പെട്ടിട്ടും ഗുണഭോക്തൃപട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പുഞ്ചിരി മംട്ടം ചേരിപ്പറമ്പില്‍ മുഹമ്മദ് അനീസ് പറയുന്നത്.
കഴിഞ്ഞദിവസം മേപ്പാടി ഗ്രാമപഞ്ചായത്തിലും കലക്ടറേറ്റിലുമായി 6 പരാതികള്‍ ആണ് ലഭിച്ചത്. പ്രസിദ്ധീകരിച്ച പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കില്‍ ദുരന്ത നിവാരണ വകുപ്പിനെ അറിയിക്കാനാണ് നിര്‍ദ്ദേശം. അതേസമയം രണ്ടാംഘട്ട പട്ടിക ഉടന്‍ പ്രതികരിക്കുമെന്നാണ് സൂചന.