ഉരുള്‍ എടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പറുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്. മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് അര്‍ദ്ധവാര്‍ഷിക പരീക്ഷക്കായി പ്രത്യേക ചോദ്യാവലി തയ്യാറായിരിക്കുന്നത്. ഉരുള്‍ ദുരന്തത്തെ തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടമായതിനാല്‍ ഇതുവരെ എടുത്ത പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് എസ് സി ഇ ആര്‍ ടി നേരിട്ട് വയനാട് ഡയറ്റിന്റെ സഹകരണത്തോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.
ദുരന്തത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മാനസികമായും തകര്‍ന്നിരുന്നു. പാഠഭാഗങ്ങള്‍ വേഗത്തില്‍ മുന്നോട്ട് പോകാനും സാധിച്ചിരുന്നില്ല. അതിനാല്‍ ഇവരുടെ അപേക്ഷപ്രകാരമാണ് മുണ്ടക്കൈ സ്‌കൂളിന് വേണ്ടി മാത്രം ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഡയറ്റിന്റെ സഹകരണത്തോടെ മൂന്നുദിവസം കൊണ്ടാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകള്‍ നാളെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടിയിലെ എപിജെ ഹാളില്‍ എത്തിച്ചു നല്‍കും. അതേ സമയം വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതുക. പരീക്ഷയുടെ വിലയിരുത്തലിനെ തുടര്‍ന്ന് ഇവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനുമാണ് എസ് സി ആര്‍ ടി ഉദ്ദേശിക്കുന്നത്.