കോവിഡും ലോക്ഡൗണും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചോ? അറിഞ്ഞിരിക്കാം ഈ വ്യക്തിഗത വായ്പകളെകുറിച്ച്
കോവിഡും ലോക്ഡൗണും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചോ? നിങ്ങള്‍ക്കോ കുടുംബത്തിലാര്‍ക്കെങ്കിലുമോ അസുഖം ബാധിച്ച് ചികിത്സയിലാണോ? ചികിത്സാ ചെലവ് കണ്ടെത്താനാവാതെ കുഴങ്ങുകയാണോ? ഈ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവര്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കും. ഈട് നല്‍കേണ്ടതില്ല. പ്രോസസിംഗ് ഫീസും വേണ്ട. വിവിധ ബാങ്കുകള്‍ നല്‍കുന്ന കോവിഡ് വ്യക്തഗത വായ്പയുടെ വിശദ വിവരങ്ങള്‍ ഇവയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹ് യോഗ് ഇത്തരത്തില്‍ കോവിഡ് ചികിത്സയ്ക്കുള്ള വ്യക്തിഗത വായ്പയാണ്. 2021 ഏപ്രില്‍ ഒന്നിനോ അതിന് ശേഷമോ കോവിഡ് ബാധിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സയ്ക്കായിട്ടാണ് ഇത് നല്‍കുന്നത്. 12 മാസമായി തുടര്‍ച്ചയായി വരുമാനം ക്ലെയിം ചെയ്യാന്‍ പറ്റുന്നവര്‍ക്ക് വായ്പ ലഭിക്കും. പരമാവധി വായ്പ മൂന്ന് ലക്ഷം രൂപയാണ്. ബാങ്കിലൂടെ ശമ്പളം കൈപ്പറ്റുന്നവര്‍ക്കാണ് ഈ വായ്പ നല്‍കുന്നത്.
എസ് ബി ഐ
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനു ശേഷം കോവിഡ് പോസിറ്റീവ് ആയ ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍, പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കവച് വ്യക്തിഗത വായ്പകള്‍ക്ക് എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും അപേക്ഷിക്കാം. ഈട് ഇല്ലാതെയാണ് നല്‍കുന്നത്. 8.5 ശതമാനം പലിശ നിരക്കില്‍ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാണ്. നിലവില്‍ വായ്പകള്‍ ഉണ്ടെങ്കിലും ഈ ടേം വായ്പ കിട്ടും. മൂന്നു മാസത്തെ മൊറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക. പ്രോസസിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ബാങ്ക് ഓഫ് ബറോഡ
നിലവില്‍ ബാങ്കിന്റെ വിവിധ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് ടോപ്പ് അപ്പ് ആയിട്ടാണ് കോവിഡ് ചികില്‍സാ വായ്പ നല്‍കുന്നത്. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്കെല്ലാം ടോപ്പ് അപ്പായി പരമാവധി അഞ്ച് ലക്ഷം രുപ വരെ നല്‍കും. ഭവന വായ്പയുടെ 10 ശതമാനവും വാഹന വായ്പയുടെ 20 ശതമാനവുമാണ് ഇങ്ങനെ വായ്പയായി അനുവദിക്കുക.
യൂണിയന്‍ ബാങ്ക് ഓഫ്ഇന്ത്യ
അഞ്ച് ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലയളവ് ഉണ്ട്. വായ്പയ്ക്ക് ആറ് മാസത്തെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ഇന്ത്യ
ബി ഒ ഐ വഴി ശമ്പളം കൈപ്പറ്റുന്നവര്‍ക്കാണ് കോവിഡ് വ്യക്തിഗത വായ്പ നല്‍കുന്നത്. കൂടാതെ നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്കും വ്യക്തിഗത വായ്പയുള്ളവര്‍ക്കും അപേക്ഷിക്കാം. പരമാവധി തുക അഞ്ച് ലക്ഷം രൂപയാണ്. മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള വായ്പകള്‍ക്ക് ആദ്യ ആറ് മാസം മൊറട്ടോറിയം അനുവദിക്കും.