അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്ശ ലഭ്യമായ 888 പേര്‍ക്കും ജൂലൈ 15 മുതല് ജോലിയില്‍ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം.
പി എസ് സി നിയമനം കൊടുക്കുന്നവര്‍ക്കും എയ്ഡഡ് നിയമനം കൊടുക്കുന്നവര്‍ക്കും ജൂലൈ 15 മുതല് ജോലിയില്‍ പ്രവേശിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില് അറിയിച്ചു.സര്ക്കാര് വിദ്യാലയങ്ങളില് നിയമന ഉത്തരവ് ലഭിച്ച 2828 പേരില് ഹയര് സെക്കന്ററി അധ്യാപകര് (ജൂനിയര്) വിഭാഗത്തില് 579 പേരും ഹയര് സെക്കന്ററി അധ്യാപകര് (സീനിയര്) വിഭാഗത്തില് 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തില് 224 പേരും വൊക്കേഷണല് ഹയര് സെക്കന്ററി വിഭാഗത്തില് അധ്യാപക തസ്തികയില് 3 പേരും ഹൈസ്‌കൂള് ടീച്ചര് വിഭാഗത്തില് 501 പേരും യു.പി സ്‌കൂള് ടീച്ചര് വിഭാഗത്തില് 513 പേരും എല്.പി സ്‌കൂള് ടീച്ചര് വിഭാഗത്തില് 709 പേരും മറ്റ് അധ്യാപക തസ്തികകളില് 281പേരും ഉള്‌പ്പെടുന്നു. ഇത് കൂടാതെ നിയമന ശുപാര്ശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതില് ഹൈസ്‌കൂള് ടീച്ചര് വിഭാഗത്തില് 213 പേരും യു.പി.സ്‌കൂള് ടീച്ചര് വിഭാഗത്തില് 116 പേരും എല്.പി സ്‌കൂള് ടീച്ചര് വിഭാഗത്തില് 369 പേരും മറ്റ് അധ്യാപക തസ്തികകളില് 190 പേരും നിയമിക്കപ്പെടും.
സര്ക്കാര് എയ്ഡഡ് സ്‌കൂളുകളില് 2019- 20 വര്ഷത്തെ സ്റ്റാഫ് ഫിക്‌സേഷന് തന്നെ 2021 -22 വര്ഷത്തിലും തുടരും. 2021-22 അധ്യയന വര്ഷം എയ്ഡഡ് സ്‌കൂളുകളില് റഗുലര് തസ്തികകളില് ഉണ്ടാകുന്ന ഒഴിവുകളില് ജൂലൈ 15 മുതല് മാനേജര്മാര്ക്ക് നിയമനം നടത്താവുന്നതാണ്. വിദ്യാഭ്യാസ ഓഫീസര്മാര് ഒരു മാസത്തിനുള്ളില് തന്നെ ഈ നിയമന അംഗീകാര ശുപാര്ശകള് തീര്പ്പാക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.