മുണ്ടക്കൈ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച മേപ്പാടിയിലെ സ്‌കൂളുകള്‍ നീണ്ട ഇടവേളക്ക് ശേഷം തുറന്നു. 27 ദിവസങ്ങള്‍ക്കുശേഷമാണ് ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ.എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യായനം പുനരാരംഭിച്ചത്. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവത്തോടെ മേപ്പാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ എല്‍പി സ്‌കൂള്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തെ എ പി ജെ ഹാളിലും തുടരും. സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരായ 566 കുടുംബങ്ങളെ മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി വാടക കെട്ടിടങ്ങള്‍ കണ്ടെത്തിയും ബന്ധു വീടുകളിലേക്കുമായി ഇവര്‍ കഴിഞ്ഞദിവസം താമസം മാറുകയായിരുന്നു. വെള്ളാര്‍മല സ്‌കൂളില്‍ നിന്നും ചൂരല്‍ മലയില്‍ നിന്നുമായി എല്‍പി ഹൈസ്‌കൂള്‍ വിഎച്ച്എസ്ഇ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ ഈ സ്‌കൂളിലേക്ക് പഠനത്തിനായി എത്തും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെസ്സി പെരേര പറഞ്ഞു. രാവിലെ അസംബ്ലി ചേര്‍ന്ന് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിചാണ് ക്ലാസുകള്‍ ആരംഭിച്ചത്. പ്രിന്‍സിപ്പാള്‍ ജെസ്സി പെരേര, ഹെഡ്മാസ്റ്റര്‍ പോള്‍, പിടിഎ പ്രസിഡണ്ട് മന്‍സൂര്‍, എസ് എം സി ചെയര്‍മാന്‍ ഷംസുദ്ദീന്‍, ശിഹാബ് എന്നിവര്‍ സംസാരിച്ചു.