മോട്ടര്‍വാഹന വകുപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൂടുതല്‍ അധികാരം

0

റോഡില്‍ പരിശോധനാ ചുമതലയുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൂടുതല്‍ അധികാരം നല്‍കാന്‍ മോട്ടര്‍ വാഹനവകുപ്പ്.അപകട സ്ഥലത്തെ പ്രാഥമിക വിവരം പൊലീസുമായി പങ്കുവയ്ക്കുന്നതിനും പരിശോധിക്കുന്നതിനും ഇപ്പോള്‍ ആര്‍ടിഒ ഓഫീസിന്റെ ചുമതലയുളള ആര്‍ടിഒയ്ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും മാത്രമാണ് അധികാരം. ഇത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും നല്‍കി. ഗതാഗത നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരവും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്കും ജോയിന്റ് ആര്‍ടിഒയ്ക്കും കൂടി നല്‍കാനാണ് തീരുമാനം.

നേരത്തേ ഇങ്ങനെയുള്ള കേസുകള്‍ ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്ത് അവിടെ നിന്നാണു തീരുമാനമെടുത്തിരുന്നത്.
അപകടം കുറയ്ക്കുകയാണ് ലക്ഷ്യം. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കുമാണ് കൂടുതല്‍ അധികാരം നല്‍കുക. ഗതാഗത നിയമലംഘനം കണ്ടെത്തി പിഴയീടാക്കി ‘ടാര്‍ഗറ്റ്’ തികയ്ക്കുന്നതിനാണ് ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതലും ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇനി റോഡപകടം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കു പ്രവര്‍ത്തന രീതി മാറ്റുന്നതിനാണ് നിര്‍ദേശം. 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണുള്ളത്. വര്‍ഷം 60 കോടിയോളമാണ് ഈ സ്‌ക്വാഡുകള്‍ പിഴയിനത്തില്‍ ഖജനാവിലെത്തിക്കുന്നത്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ ശിക്ഷാ നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്നതായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരാതി.

കോവിഡ് കാലത്ത് അപകട നിരക്ക് കുറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കോവിഡിന് മുന്‍പത്തെ പോലെ അപകടവും വര്‍ധിച്ചു. രാജ്യത്ത് ജനസംഖ്യാനുപാതത്തില്‍ 1000 പേര്‍ക്ക് 21 വാഹനം എന്നാണെങ്കില്‍ കേരളത്തില്‍ അത് 1000 പേര്‍ക്ക് 450 വാഹനം എന്നതാണ് . വര്‍ഷം 15% വര്‍ധനയോടെ രാജ്യത്തു തന്നെ വാഹനപ്പെരുപ്പം കൂടിയ സംസ്ഥാനവും കേരളമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!