മഴക്കാല ദുരന്തനിവാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിട്ടു. മഴയിലും കാറ്റിലും മരങ്ങള്‍, ശിഖരങ്ങള്‍ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ ട്രീ കമ്മിറ്റി അടിയന്തരമായി ചേരണം. ട്രീ കമ്മിറ്റിയില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും. ഓരോ വകുപ്പിന് കീഴിലുള്ള ഭൂമിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള ട്രീ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം വകുപ്പ് മേധാവികള്‍ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണം. ഇതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാതല ട്രീ കമ്മിറ്റി, സോഷ്യല്‍ ഫോറസ്ട്രി എന്നിവയില്‍ നിന്നും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ശേഷം വിലനിര്‍ണ്ണയത്തിനായി നിയമാനുസൃത വിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് കൈമാറണം.
സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങള്‍, ശിഖരങ്ങള്‍ കണ്ടെത്തി മുറിച്ച് മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിക്കണം. പരാതികള്‍, അപേക്ഷകളില്‍ പഞ്ചായത്ത് രാജ് ആക്ട് (സെക്ഷന്‍ 238) പ്രകാരം നടപടി സ്വീകരിക്കണം. ഉണങ്ങിയ മരങ്ങള്‍, ഭീഷണിയായി ചെരിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. മരത്തിന്റെ അപകടാവസ്ഥയിലുള്ള ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ട്രീ കമ്മിറ്റിയുടെ ശുപാര്‍ശ ആവശ്യമില്ല. പൊതുസ്ഥലങ്ങളിലെ മരം വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അതത് വകുപ്പുകള്‍ നഷ്ടപരിഹാരം നല്‍കണം. സ്‌കൂള്‍ പരിസരങ്ങളിലും പട്ടികവര്‍ഗ്ഗ കോളനികളിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണം.പതിച്ച് നല്‍കിയത് ഉള്‍പ്പടെയുള്ള വനഭൂമിയില്‍ പൊതുജനങ്ങള്‍ക്കും കോളനികള്‍ക്കും ഭീഷണിയായി നില്‍കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ വനം വകുപ്പ് മുറിച്ച് മാറ്റണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ട്രീ കമ്മിറ്റി ഉറപ്പാക്കണം.
ദേശീയ പാതയോരങ്ങള്‍, പൊതു നിരത്തുകള്‍ എന്നിവടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ പ്രത്യേക പരിഗണന നല്‍കും. വൈദ്യുതി ലൈനിന് ഭീഷണിയായ മരങ്ങള്‍, ശിഖരങ്ങള്‍ സമയബന്ധിതമായി മുറിച്ച് മാറ്റുന്നതിന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നടപടി സ്വീകരിക്കണം. അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ട്രീ കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷകളില്‍ അടിയന്തരമായി സ്ഥലപരിശോധന നടത്തി ദുരന്തം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.