നാടകമായിരുന്നു ലോകം; അങ്കിൾ ബണ്ണിന് സംഭാഷണമെഴുതി സിനിമയിലേക്ക്; അഭിനയത്തിലും തിളങ്ങി

0

സിനിമയുടെയും നാടകത്തിന്റെയും വഴികളിലൂടെ മാറിമാറി സഞ്ചരിച്ച പ്രതിഭയായിരുന്നു പി ബാലചന്ദ്രൻ. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ തിരക്കഥകളിലൂടെ സിനിമയിൽ വേരുറപ്പിച്ച ബാലചന്ദ്രൻ തന്നെയാണ് പാവം ഉസ്മാനും മായസീതാങ്കവും പോലുള്ള നാടകങ്ങളും എഴുതിയത്. ഇടക്കാലത്ത് നടനായും മലയാള സിനിമയിൽ അദ്ദേഹം തിളങ്ങി.

1952 ഫെബ്രുവരി രണ്ടിന് കൊല്ലത്തെ ശാസ്താംകോട്ടയിലാണ് ബാലചന്ദ്രൻ ജനിച്ചത്. സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സ്ഥിരം പെൺവേഷം കെട്ടി. പിന്നീട് ദേവസ്വം ബോർഡ് കോളേജിലെ പഠനത്തിനുശേഷം തൃശൂർ സ്‌കൂൾ ഡ്രാമയിലെത്താൻ ബാലചന്ദ്രനെ പ്രേരിപ്പിച്ചതും നാടകങ്ങളോടുള്ള ഈ അഭിനിവേശം കൊണ്ടുതന്നെയായിരിക്കണം. സ്‌കൂൾ ഓഫ് ഡ്രാമയിൽ ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനാകാൻ കഴിഞ്ഞത് ബാലചന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായി. അവസാനം വരെയും ശങ്കരപ്പിള്ളയുടെ സ്വാധീനം ബാലചന്ദ്രനിലുണ്ടായിരുന്നു.

1991ൽ ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബണ്ണിന് സംഭാഷണമെഴുതിക്കൊണ്ടാണ് ബാലചന്ദ്രൻ സിനിമാലോകത്തെത്തുന്നത്. പിന്നീട് ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, പൊലീസ്, അഗ്‌നിദേവൻ, കമ്മട്ടിപ്പാടം എന്നിവ ഉൾപ്പടെ ഒമ്പത് ചിത്രങ്ങൾക്ക് തിരക്കഥയെുതി. കവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇവൻ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇതിനിടയിൽ നടനായും ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി.

പാവം ഉസ്മാൻ എന്ന നാടകത്തിന്റെ രചനയക്ക് കേരള സാഹിത്യ അക്കാദമി അവാർഡും കേരള പ്രൊഫഷണൽ നാടക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!