കുറുക്കന്‍മൂലയില്‍ പട്ടാപ്പകല്‍ വന്യമൃഗ ആക്രമണം! ആട് ചത്തു
കുങ്കിയാനകളെത്തി തിരച്ചില്‍ നടത്തിയിട്ടും കുറുക്കന്‍മൂലയില്‍ പിടികൊടുക്കാതെ കടുവ. കടുവ ഭീതിയില്‍ കഴിയുന്ന പ്രദേശത്ത് പട്ടാപകല്‍ വന്യമൃഗ ആക്രമണത്തില്‍ ആട് ചത്തു. കടുവയല്ലെന്ന് വനം വകുപ്പ്. ജില്ലാ സബ്ബ് ജഡ്ജിയും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ കെ രാജേഷും കുറുക്കന്‍ മൂലയില്‍ സന്ദര്‍ശനം നടത്തി. കടുവ ഭീതിയില്‍ പൊറുതിമുട്ടിയിരിക്കുകയാണ് മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകള്‍.
വനം വകുപ്പും പോലീസും കഴിഞ്ഞ 18 ദിവസമായി കുറുക്കന്‍മൂലയിലിറങ്ങിയ കടുവയെ കുടുക്കാന്‍ പണി പിടിപ്പത് എടുത്തിട്ടും പിടികൊടുക്കാതെ കടുവ. ഇന്നലെ വൈകീട്ടോടെ എത്തിച്ച രണ്ട് കുങ്കിയാകളും കടുവയ്ക്കായ് ഇന്നും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെ ഇന്ന് ഉച്ചയോടെ പയ്യംമ്പള്ളി ഇളയിടം ബേബിയുടെ രണ്ടര വയസുള്ള ആടിനെ വന്യമൃഗം ആക്രമിച്ചു കൊന്നു. കടവയെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും കടുവയല്ലെന്ന് വനം വകുപ്പും പറയുന്നു.
ജില്ലാ സബ്ബ് ജഡ്ജ് കെ.രാജേഷ് കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി.ഡി.എഫ്.ഒ.മാരായ രമേശ് വിഷ്‌ണോയി, എ.ഷജ്‌ന എന്നിവരുമായും ജനപ്രതിനിധികളുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും കൂട് സ്ഥാപിച്ച സ്ഥലങ്ങളും നേരിട്ടെത്തി കാണുകയും ചെയ്തു. വനം വകുപ്പും പോലീസും സര്‍വ്വ സന്നാഹങ്ങളുമായി കടുവയ്ക്കായി തിരച്ചില്‍ നടത്തുമ്പോഴും കടുവയെ പിടികൂടാന്‍ കഴിയാത്തത് പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയുമാക്കി.