ഡിജിലോക്കര്‍ സംവിധാനം ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തി പ്രമാണപരിശോധന നിര്‍വ്വഹിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ ഒരു ഉദ്യോഗാര്‍ത്ഥിയുടെ സി.ടി.ഇ.ടി (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കര്‍ വഴി അപ്ലോഡ് ചെയ്ത് വെരിഫിക്കേഷന്‍ നടത്തിയാണ് പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ സ്റ്റേറ്റ് ഇ-ഗവേണന്‍സ് മിഷന്‍ ടീം, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് കേരള പി.എസ്.സി.ക്ക് ഡിജിറ്റല്‍ ലോകത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനായത്.
വിവിധ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ ഡോക്യുമെന്റായി ഡിജിലോക്കറില്‍ നിക്ഷേപിക്കുകയും ആയത് പരിശോധിക്കുന്ന പി.എസ്.സി. പോലുള്ള ഓഫീസുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ വഴി ഡിജിലോക്കര്‍ ഡോക്യുമെന്റുകള്‍ പരിശോധിക്കുന്നതിനുളള ആധികാരികത ഇന്ത്യയിലാദ്യമായി കേരള പി.എസ്.സി.ക്ക് ലഭിച്ചു കഴിഞ്ഞു. ആയതിന്റെ ആദ്യപടിയായി ഡിജിറ്റല്‍ ഡോക്യുമെന്റ്, ഉദ്യോഗാര്‍ത്ഥി അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകാതെ പരിശോധനാവിഭാഗത്തിന് കാണാനും വെരിഫെ ചെയ്ത് സാക്ഷ്യപ്പെടുത്താനുമുള്ള സൗകര്യമാണ് പി.എസ്.സി.ക്ക് ലഭ്യമായത്.
ഇനിമുതല്‍ മറ്റ് സ്ഥാപനങ്ങള്‍ ഡിജിലോക്കര്‍ വഴി ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലേക്ക് അപ്ലോഡ് ചെയ്യാന്‍ കഴിയും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ സംവിധാനത്തിലൂടെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ ഇലക്ട്രോണിക് ആന്റ് ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലാണ് ഈ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിച്ചുവരുന്നത്. ഐ.ടി. നിയമത്തിലെ റൂള്‍ 9 പ്രകാരം ഡിജിലോക്കര്‍ വഴി ലഭ്യമാകുന്ന പ്രമാണങ്ങള്‍ അസ്സല്‍ പ്രമാണമായി തന്നെ പരിഗണിക്കാവുന്നതാണ്. പൊതുജനങ്ങള്‍ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന രീതി ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ് ഇവിടെ നിറവേറുന്നത്. ഡിജിലോക്കര്‍ വഴി പ്രമാണപരിശോധന നടത്തുന്ന ആദ്യ പി.എസ്.സി.യായി കേരള പി.എസ്.സി. മാറുകയാണ്.