ഓപ്പറേഷന്‍ ആഗ്; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൊലക്കേസിലെ പ്രതി അറസ്റ്റില്‍

0

കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ കൂടി മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കടല്‍മാട് കമ്പാളകൊല്ലി, കൊച്ചുപുരക്കല്‍ വീട്ടില്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോവസ്(29) നെയാണ് മേപ്പാടി പോലീസ് ഡാന്‍സഫ് സ്‌ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ബത്തേരി മണിച്ചിറയില്‍ വച്ചാണ് പിടികൂടിയത്. ഈ കേസില്‍ മലപ്പുറം, കടമ്പോട്, ചാത്തന്‍ചിറ വീറ്റില്‍ ബാദുഷ(26), മലപ്പുറം, തിരൂര്‍, പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്(29) എന്നിവരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. 2021 ല്‍ അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ വളശ്ശേരി എന്ന സ്ഥലത്തെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബിന്‍.

05.05.2024 തിയ്യതി പുലര്‍ച്ചെ വടുവാഞ്ചല്‍ ടൗണില്‍ വെച്ചാണ് സംഭവം. തോമ്മാട്ടുച്ചാല്‍ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം ആളുകള്‍ ചേര്‍ന്ന് യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാറിന്റെ താക്കോല്‍ കവര്‍ന്നെടുക്കുകയും ചെയ്തു. തുടര്‍ന്ന്, വാഹനത്തില്‍ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തില്‍ കൊണ്ടുപോയി വീണ്ടും മര്‍ദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദനത്തില്‍ യുവാവിന്റെ കാല്‍പാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. എസ്.ഐമാരായ രജിത്ത്, ഹരീഷ്, സിപിഒ ഹാഫിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അബിനെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!