പ്രളയാനന്തര വയനാടിനൊരു കൈത്താങ്ങ് ദീപ്തിഗിരി ക്ഷീര സംഘം തടയണ നിര്‍മ്മിച്ചു

0

‘പ്രളയാനന്തര വയനാടിനൊരു കൈത്താങ്ങ്’ എന്ന നിലയില്‍ ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘം, സാമൂഹ്യ പ്രതിബദ്ധതയിലൂന്നി എടവക കൊല്ലന്‍കടവില്‍ പുഴയ്ക്ക് കുറുകെ തടയണ നിര്‍മ്മിച്ചു. എള്ളുമന്ദം ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന് സമീപം ഉണ്ടായിരുന്ന താല്‍ക്കാലിക തടയണ പ്രളയത്തില്‍ ഒഴുകിപ്പോയ സാഹചര്യത്തിലാണ്, വരാന്‍ പോകുന്ന വരള്‍ച്ച കൂടി കണക്കിലെടുത്ത് എള്ളുമന്ദം ജലനിധി കമ്മിറ്റിയുടെയും, സന്നദ്ധ സംഘടനയായ ഗൂഞ്ചിന്റെയും സഹകരണത്തോടെ തടയണ പുനര്‍നിര്‍മ്മിച്ചത്. ക്ഷീര കര്‍ഷക കുടുംബാംഗങ്ങളും, സമീപവാസികളുമടങ്ങിയ 200 ഓളം പേര്‍ റിപ്പബ്ലിക് ദിനത്തില്‍ ഒത്തുചേര്‍ന്നാണ് തടയണ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 45 മീറ്റര്‍ നീളത്തിലും, രണ്ടര മീറ്റര്‍ ഉയരത്തിലും, ഒന്നര മീറ്റര്‍ ഉയരത്തിലുള്ള തടയണ നിര്‍മ്മിക്കുവാനായി 1500 ചാക്ക് മണല്‍ ആവശ്യമായി വന്നു.

വൈകുന്നേരം കൊല്ലന്‍കടവ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ വെച്ച്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ ജനകീയ തടയണ നാടിനു സമര്‍പ്പിച്ചു. ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആഷ മെജോ നിര്‍മ്മാണത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഗൂഞ്ച് ഫാമിലി കിറ്റുകള്‍ വിതരണം ചെയ്തു. ഗൂഞ്ച് പ്രതിനിധി ഷൈജു. കെ.എസ്, ഭരണസമിതി അംഗങ്ങളായ തലച്ചിറ അബ്രഹാം, എം. മധുസൂദനന്‍, ത്രേസ്യ തലച്ചിറ, സാബു പള്ളിപ്പാടന്‍, സേവ്യര്‍ ചിറ്റുപ്പറമ്പില്‍, കുഞ്ഞിരാമന്‍ പിലാക്കണ്ടി, ഷജില ചേര്‍ക്കോട്, സെക്രട്ടറി പി കെ ജയപ്രകാശ്, ജലനിധി കമ്മിറ്റി അംഗങ്ങളായ അജി. എം. സി, സി.എച്ച്. ഇബ്രാഹിം, മരുന്നന്‍ ഇബ്രാഹിം, കെ. ടി. ശശി, സാലി സൈറസ്, ലാലി റോജസ്, ഷിജി പരീക്കല്‍, സണ്ണി ഇടുമാറി സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!