പുല്‍പ്പള്ളി സ്വദേശിയായ ആദിവാസി യുവതിയെ പോലീസ് നിരന്തരം കേസുകളെടുത്ത് വേട്ടയാടുന്നതായി പരാതി. നീതി തേടി യുവതി മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. യുവതിക്ക് നിയമ പരിരക്ഷ നല്‍കുമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡണ്ട് കെ.അമ്മിണി.
പുല്‍പ്പള്ളി സ്വദേശിയായ യുവതി 2006- ല്‍ വീട്ടു ജോലിയ്ക്ക് നില്‍ക്കുന്നതിനിടെ പീഢിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്സ് എടുക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. അന്ന് കേസന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് ഈ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥെനെതിരെ നടപടി എടുക്കാന്‍ തന്റെ പേര് ബോധപൂര്‍വ്വം വലിചിഴച്ചത് എന്തിനെന്ന് ചോദ്യം ചെയ്ത് യുവതി പരാതി നല്‍കിയതോടെ തനിക്കെതിരെ പോലീസ് പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണെന്ന് യുവതി ആരോപിക്കുന്നു. ആദിവാസി സ്ത്രീ ആയ തനിക്ക് സംരക്ഷണം നല്‍കേണ്ട പോലീസും നിയമവും തന്നെ ദ്രോഹിക്കുകയാണെന്നും ഇവര്‍ പറയുന്നു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി, വനിതാ കമ്മീഷന്‍, തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും യുവതിയോടൊപ്പം നീതി ലഭിക്കും വരെ സംഘടന ഒപ്പം നില്‍ക്കുമെന്നും ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡണ്ട് കെ. അമ്മിണി പറഞ്ഞു.
പോലീസിന്റെ ഇടപെടല്‍ മൂലം ബന്ധു വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും യുവതി പറയുന്നു. കാന്‍സര്‍ രോഗ ബാധിതയായ യുവതി രോഗത്തിന്റെ അവശതകളിലുമാണ്. തനിക്ക് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരാനാണ് ആദിവാസി കുറുമ വിഭാഗത്തില്‍പ്പെട്ട ഇവരുടെ തീരുമാനം.