കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു

0

കബനിഗിരി ഗൃഹന്നൂരിലെ ജനവാസ മേഖലയിലിറങ്ങി പശുക്കളെ ആക്രമിച്ച കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കൂട് സ്ഥാപിച്ചത്. വ്യാഴാഴ്ച കടുവയുടെ ആക്രമണമുണ്ടായ പൂഴിപ്പുറത്ത് മാമച്ചന്റെ വീടിന് സമീപത്തെ തൊഴുത്തിനോട് ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗൃഹന്നൂരില്‍ കടുവയിറങ്ങി പശുക്കളെ ആക്രമിച്ചത്.

മാമച്ചന്റെ തൊഴുത്തില്‍ കയറിയ കടുവ ഒരു പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പശുക്കിടാവിനെ കൊന്നുതിന്നുകയും ചെയ്തിരുന്നു. തൊഴുത്തില്‍ നിന്നും 50 മീറ്റര്‍ അകലെയായി കണ്ടെത്തിയ പശുക്കിടാവിന്റെ ജഡാവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നതിനായി വെള്ളിയാഴ്ച പുലര്‍ച്ചെ ഇവിടെ വീണ്ടും കടുവ വന്നിരുന്നു. ഇവിടെ വനം വകുപ്പ് നിരീക്ഷണത്തിനായി സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ ലിസ്റ്റിലുള്ള കടുവയാണോ ഇതെന്ന് വ്യക്തമാക്കിയിട്ടില്ല.

കടുവ പശുക്കിടാവിന്റെ ജഡം ഭക്ഷിക്കാന്‍ വീണ്ടുമെത്തിയിട്ടും കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറാകാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നതോടെയാണ് വേഗത്തില്‍ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുള്‍പ്പെടെയുള്ളവര്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് വൈകുന്നേരത്തോടെ കൂട് സ്ഥാപിക്കുന്നതിനുള്ള ഉത്തരവിറങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!