ഉപദ്രവിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാം

0

മനുഷ്യരെ ഉപദ്രവിക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഉത്തരവുകള്‍ നല്‍കാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ മകളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. വയനാട്ടിലെ ജനങ്ങളുടെ ഭീതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഇന്നലെ അഞ്ചരയോടെ വയനാട്ടിലെത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആദ്യം കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരിയിലെ പ്രജീഷിന്റെ വീട് സന്ദര്‍ശിച്ചു. തുടര്‍ന്ന് പാക്കത്തെ പോള്‍, ബേലൂര്‍ മഗ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടിലും എത്തി.വന്യജീവി ശല്യം ചൂണ്ടിക്കാട്ടിയ അജീഷിന്റെ മകളോട് സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരങ്ങളും, ലോകത്തിലെ തന്നെ വലിയ വന്യജീവി ഇടനാഴികളിലൊന്നാണ് ബന്ദിപ്പൂര്‍ മുതുമല വയനാട് മേഖലകള്‍ എന്നും അതിനാല്‍ തന്നെ ഇവിടുത്തുകാരുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വികരിക്കുമെന്നും കേന്ദമന്ത്രി പറഞ്ഞു.

വന്യമൃഗ ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി എടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി… കേരള – കര്‍ണാടക വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വയനാട് വിഷയത്തില്‍ പ്രത്യേക കാഴ്ചപ്പാട് ഉണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലുടെ ജില്ലയെ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!