പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില്‍ ആളുകള്‍ നോക്കി നില്‍ക്കെ കടുവയിറങ്ങി പശുക്കളെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പശു ചത്തു. മറ്റൊരു പശുവിന് ഗുരുതരമായി പരിക്കേറ്റു.ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കുറിച്ചിപ്പറ്റയിലെ വനാതിര്‍ത്തിയിലുള്ള വയലില്‍ പശുക്കളെ തീറ്റുന്നതിനിടെയാണ് കാട്ടില്‍ നിന്നെത്തിയ കടുവ ആക്രമണം നടത്തിയത്. കിളിയാങ്കട്ടയില്‍ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. സംഭവ സമയം ശശിയും ഏതാനും ചില സമീപവാസികളും വയലിലുണ്ടായിരുന്നു.
മൂന്ന് പശുക്കളുമായാണ് ശശി വയലില്‍ തീറ്റാനായെത്തിയത്. ഈ സമയം സമീപവാസികളും പശുക്കളുമായി ഇവിടെയുണ്ടായിരുന്നു. കാട്ടില്‍ നിന്നെത്തിയ കടുവ വയലില്‍മേയുകയായിരുന്ന പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആദ്യം പിടികൂടി പശു കടുവയുടെ പിടിത്തത്തില്‍ നിന്ന് രക്ഷപെട്ടതോടെ രണ്ടാമത്തെ പശുവിനെയും ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം വെച്ചതോടെയാണ് പശുക്കളെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് തിരിച്ചുപോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി ഈ മേഖലയില്‍ കടുവയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ശശി ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുത്താണ് ഈ പശുക്കളെ വാങ്ങിയത്. നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പശു അതിജീവിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം ഇല്ലാതായതോടൊപ്പം വലിയ സാമ്പത്തിക ബാധ്യതകൂടി വന്ന് ചേര്‍ന്നിരിക്കുകയാണിവര്‍ക്ക്. ജനവാസ മേഖലയിലിറങ്ങിയ കടുവയെ കൂടുവെച്ചോ, മയക്കുവെടിവെച്ചോ പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.