സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി. പുല്‍പ്പള്ളി-ബത്തേരി-പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആരാധന ബസ്സില്‍ ഏഴ് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയും ക്ഷേമനിധി അടച്ചുവരുന്നതുമായി പി.എ. ഗണേഷന് ജോലി നിഷേധിക്കുന്നതിനെതിരെയായിരുന്നു സമരം. ചൊവ്വാഴ്ച രാത്രിയും പുല്പള്ളി പോലീസിന്റെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കാനായില്ല. ഇതോടെയായിരുന്നു സമരത്തിലേക്ക് നീങ്ങിയത്.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ഡിസംബര്‍ 18 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. ചെയര്‍മാന്‍ സതീഷ് കുമാര്‍, കണ്‍വീനര്‍ പി.ആര്‍. മഹേഷ്, കെ.എ. തോമസ്, എ.ജെ. സജി, പി.വി. മോഹനന്‍, മണി പാമ്പനാല്‍, റെജി പുളിങ്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. അധിക സര്‍വീസുകള്‍ നടത്തി.