കര്‍ഷകന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികൃതരെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. പുല്‍പ്പള്ളി കല്ലുവയലിലെ നെല്ലിക്കുന്നേല്‍ ഷാജിയുടെയും ഭാര്യ സരോജത്തിന്റെയും പേരിലുള്ള വായ്പാ കുടിശ്ശികയുടെ പേരിലായിരുന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെതലയം ശാഖയിലെ ഉദ്യോഗസ്ഥര്‍ ജപ്തിയ്ക്കെത്തിയത്.
ബുധനാഴ്ച രാവിലെ മുതല്‍ ജപ്തി തടയാനായി കര്‍ഷക സംഘം നേതാക്കളും പ്രവര്‍ത്തകരും ഷാജിയുടെ വീടിന് കാവലായുണ്ടായിരുന്നു. ഉച്ചയോടെയാണ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും ബാങ്ക് അധികൃതരും പോലീസ് സംരക്ഷണയോടെ കല്ലുവയലിലെത്തിയത്. ഇവരെ വീടിന് മുന്നില്‍ കര്‍ഷക സംഘം നേതാക്കള്‍ തടഞ്ഞു. പോലീസ് സന്നാഹം കുറവായതിനാല്‍ പ്രവര്‍ത്തകരെ മുഴുവന്‍ ഒഴിപ്പിച്ച് ജപ്തി ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക മുഴുവന്‍ തീരിച്ചടയ്ക്കണമെന്നും, കുടിശ്ശിക വരുത്തിയ തുക മാര്‍ച്ച് 28ന് മുമ്പ് അടച്ചു തീര്‍ക്കാമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കിയെങ്കിലും ആദ്യം ഇത് അംഗീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. ഒരു കാരണവശാലും ജപ്തി ചെയ്യാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ നിലപാടെടുത്തതോടെ പ്രതിസന്ധിയായി. പുല്പള്ളി എസ്.ഐ. സി.ആര്‍. മനോജിന്റെ സാന്നിധ്യത്തില്‍ നേതാക്കളും ബാങ്ക് അധികൃതരും നടത്തിയ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ജപ്തി നടപടികള്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ ധാരണയിലെത്തുകയായിരുന്നു.
കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയന്‍, പുല്പള്ളി വില്ലേജ് സെക്രട്ടറി കെ.ജെ. പോള്‍, മുള്ളന്‍കൊല്ലി വില്ലേജ് പ്രസിഡന്റ് സി.പി. വിന്‍സന്റ്, കെ.ടി. ജോളി, എം.പി. ബിനേഷ്, വി. ശരത് കുമാര്‍, മനോജ് ഇല്ലിക്കല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.