കര്‍ണ്ണാടകയില്‍ നിന്നുള്ള ചോളത്തണ്ട് നിയന്ത്രണം വയനാട് ജില്ലയിലെ ക്ഷീരകാര്‍ഷിക മേഖലയെ സാരമായി ബാധിക്കുകയാണെന്നും ഇതിന് ബദല്‍ പരിഹാരം കാണണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും കര്‍ണ്ണാടകയിലുണ്ടായ കടുത്ത വരള്‍ച്ച അവിടുത്തെ കന്നുകാലി കര്‍ഷകരെ ബാധിച്ചുവെന്നും ചോളത്തണ്ട് പോലുളള കന്നുകാലി തീറ്റ അതിര്‍ത്തി കടത്തി കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം അതിനാലാണെന്നുമാണ് കര്‍ണ്ണാടക മുഖ്യമന്ത്രി അറിയിച്ചതെന്ന് അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ വികസന സമിതി യോഗത്തെ അറിയിച്ചു. ജില്ലയില്‍ ഒട്ടേറെ ക്ഷീരകര്‍ഷകര്‍ അയല്‍ ജില്ലയായ കര്‍ണ്ണാടകയില്‍ നിന്നുള്ള ചോളത്തണ്ടുകളും തീറ്റപ്പുല്ലുകളെയുമാണ് ആശ്രയിക്കുന്നത്. ഇതൊരു ദീര്‍ഘകാല ആശ്രയമായി കാണാന്‍ കഴിയില്ല. ഇതിന് പരിഹാരമായി ജില്ലയില്‍ കാലിത്തീറ്റ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും സ്വയം പര്യാപ്തത നേടുകയെന്നതും അനിവാര്യമാണ്. മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, തദ്ദേശ സ്വയം ഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം കൈകോര്‍ത്ത് കാലിത്തീറ്റ ഉത്പാദന മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്നും ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായി ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി എം.പി.യുടെ പ്രതിനിധി കെ.എല്‍.പൗലോസ് ആവശ്യപ്പെട്ടു.
റോഡ് നിര്‍മ്മാണം
അപാകങ്ങള്‍ പരിഹരിക്കണം
ജില്ലയിലെ വിവിധ റോഡ് നിര്‍മ്മാണങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. കാരാപ്പുഴ വാഴവറ്റ റോഡുനിര്‍മ്മാണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും റോഡ് എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള നിര്‍മ്മാണ പുരോഗതികള്‍ പൊതുമരാമത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു. പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ലാ ബദല്‍പാത വനം,പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രവര്‍ത്തന പുരോഗതി ആരാഞ്ഞു. കല്‍പ്പറ്റ വാരാമ്പറ്റ റോഡു പണിയിലെ അനിശ്ചിതത്വങ്ങള്‍ നീക്കണമെന്ന് കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ആവശ്യപ്പെട്ടു. നഗരത്തിലെ ചുങ്കം കവലയില്‍ കടകളിലടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ട്. ഇതെല്ലാം പരിഹരിക്കണം. റോഡ് നിര്‍മ്മാണം പുനരാരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിര്‍മ്മാണം അനിശ്ചിതത്തിലാണെന്നും പരിഹരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ജല്‍ ജീവന്‍ മിഷന്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കല്‍ നടപടി തുടങ്ങിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തുമായി കൂടിയാലോചിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശം നല്‍കി.താമരശ്ശേരി ചുരം ഗതാഗതക്കുരുക്കിനും പരിഹാരം കാണണം. ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പാലങ്ങള്‍ കെട്ടിടങ്ങള്‍ നിര്‍മ്മാണ പുരോഗതി അറിയിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു.
ഗതാഗതകുരുക്കുകള്‍ നടപടിവേണം
കല്‍പ്പറ്റ നഗരത്തിലെയും സുല്‍ത്താന്‍ ബത്തേരി ചുങ്കം കവലിയിലെയും ഗതാഗതകുരുക്കുകള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കല്‍പ്പറ്റ നഗരത്തില്‍ പകല്‍ സമയങ്ങളില്‍ പോലും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധമുട്ട് നേരിടുന്നതായും ടി.സിദ്ദിഖ് എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നഗരസഭ ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തിയതായും എന്നാല്‍ ഇതു നടപ്പാക്കാന്‍ പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നും പിന്തുണ വേണമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സുല്‍ത്താന്‍ബത്തേരി ചുങ്കം കവലയിലെ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ടൗണ്‍പ്ലാനിങ്ങ് ഓഫീസര്‍ യോഗത്തെ അറിയിച്ചു.
ജില്ലയിലെ വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ജില്ലയ്ക്ക് അനുയോജ്യമായ പദ്ധതികളുടെ പ്രൊപ്പോസലുകള്‍ നല്‍കാന്‍ വകുപ്പുകള്‍ മൂന്‍കൈയ്യെടുക്കണം. വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണമെന്നും ജില്ലയിലെ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗശ്യൂന്യമായ കെട്ടിടങ്ങളുടെ കണക്കുകള്‍ പരിശോധിച്ച് കാലപ്പഴക്കം നേരിടുന്നവ പൊളിച്ചുമാറ്റാനും ബാക്കിയുള്ളവ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുപയോഗിക്കാനും നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ഉപയോഗശൂന്യമായ ഫര്‍ണ്ണീച്ചറുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണം. വകുപ്പുകള്‍ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കണം. മാലിന്യങ്ങളും വേര്‍തിരിച്ച് സജ്ജീകരിച്ചിട്ടുള്ള കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കണമെന്നും ജില്ലാ കളകട്ര്‍ നിര്‍ദ്ദേശം നല്‍കി.
ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാലിന്യമുക്ത പ്രതിജ്ഞയെടുത്തു. അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം.എന്‍.ഐ.ഷാജു, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ പി.കെ.രത്‌നേഷ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ബ്ലോക്ക്തല ഫെല്ലോകള്‍ക്കുള്ള നിയമന ഉത്തരവ് ചടങ്ങില്‍ കൈമാറി.