നാല് വര്‍ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുറിച്യാര്‍മല ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സ്‌കൂളിനോടുള്ള അവഗണനക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം. കുറിച്യാര്‍മല മദ്രസ കെട്ടിടത്തിലാണ് കഴിഞ്ഞ നാല് വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.2018 ആഗസ്റ്റ് മാസം ഉണ്ടായ ഉരുള്‍പൊട്ടലിലാണ് കുറിച്ചര്‍മലയിലെ ജി എല്‍.പി സ്‌കൂള്‍ മണ്ണിനടിയിലായത്.പ്രളയ സമയത്ത് അടിയന്തരമായി സ്‌കൂള്‍ നിര്‍മ്മിക്കുമെന്ന് ഉന്നതതല പ്രഖ്യാപനം ഉണ്ടായെങ്കിലും അതും പാഴ്വാക്കായി.
ഇതോടെ മേല്‍മുറി ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി മദ്രസ സ്ഥാപനത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. താല്‍ക്കാലികമായി ഒരു വര്‍ഷത്തേക്കായിരുന്നു സ്‌കൂള്‍ മദ്രസ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും സ്‌കൂളിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നും ആരംഭിച്ചിട്ടില്ല. ദുരന്തത്തിന് മുന്നേ സ്‌കൂളില്‍ 100 കുട്ടികള്‍ ഉണ്ടായിരുന്നു. മദ്രസ കെട്ടിടത്തിലേക്ക് മാറിയതോടെ 100-ല്‍ 40 ആയി കുട്ടികള്‍ കുറഞ്ഞു. അറുപതോളം കുട്ടികള്‍ ഇപ്പോഴും ഇവിടെ നിന്നും നാല് കിലോമീറ്റര്‍ ദൂരത്തുള്ള സ്‌കൂളുകളില്‍ പോയാണ് പഠിക്കുന്നത്. ഇത് രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്. സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയെങ്കിലും രജിസ്‌ട്രേഷന്‍ നടപടികളൊന്നും തന്നെ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.എത്രയും വേഗത്തില്‍ സ്‌കൂള്‍ നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല പഞ്ചായത്ത് ഓഫീസ് ഉപരോധവും നിരാഹാര സമരവും നടത്താനാണ് സ്‌കൂള്‍ പുനര്‍നിര്‍മാണ സമര സമിതി തീരുമാനം.