കടമാന്‍തോട് ഡാം പദ്ധതിക്ക് അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ലീഡാര്‍ സര്‍വേ പൂര്‍ത്തിയായി.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല, ചേലൂര്‍ പ്രദേശങ്ങളിലെ വിവിരശേഖരണത്തോടെയാണ് സര്‍വേ അവസാനിച്ചത്. ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു മാസത്തിനുള്ളില്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ നടത്തിയ ഭൂതല സര്‍വേ റിപ്പോര്‍ട്ടും ലീഡാര്‍ സര്‍വേ റിപ്പോര്‍ട്ടും സംയോജിപ്പിച്ചാണ് കടമാന്‍ തോട് ഡാം പദ്ധതിയുടെ അന്തിമ രൂപരേഖയ്യാറാക്കുക. കാവേരി പ്രൊജക്ട് ചീഫ് എന്‍ജിനീയര്‍ക്കാണ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിന് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് കൈമാറുകയും കടമാന്‍ തോട് ഡാമിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘവും പരിശോധനയ്ക്കായി അടുത്തയാഴ്ച പുല്പള്ളിയിലെത്തും.
കഴിഞ്ഞ നവംബര്‍ പകുതിയോടെയാണ് ലീഡാര്‍ സര്‍വേ ആരംഭിച്ചത്. സര്‍വേയുടെ ആദ്യഘട്ടമായി അണക്കെട്ട്, വൃഷ്ടിപ്രദേശം, പദ്ധതിയുടെ ഗുണഫലം ലഭിക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ മാര്‍ക്ക് ചെയ്തിരുന്നു. പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായി 75ഓളം ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകളാണുള്ളത്. ചുവപ്പും വെള്ളയും നിറത്തില്‍ അടയാളപ്പെടുത്തിയത് റിസര്‍വോയറിന്റെ അതിര്‍ത്തികളാണ്. പ്രദേശത്ത് 18 ഇടങ്ങളിലായി അടയാളപ്പെടുത്തിയ ഈ സ്ഥലങ്ങള്‍ക്കുള്ളിലാവും റിസര്‍വോയര്‍ വരിക. ജലമെത്തിക്കേണ്ട സ്ഥാനങ്ങള്‍ കറുപ്പും വെള്ളയും നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ കേന്ദ്രീകരിച്ച് ലൈഡാര്‍ ഘടിപ്പിച്ചുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ സര്‍വേയായിരുന്നു അവസാനഘട്ടം. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിറ്റത്തിന്റെ സഹായത്തോടെയാണ് ആകാശ സര്‍വേ നടത്തിയത്. ആകാശ സര്‍വേയിലൂടെയാണ് പ്രദേശത്തിന്റെ ഭൂഘടന, കെട്ടിടങ്ങള്‍, റോഡുകള്‍, തോടുകള്‍, കൃഷിസ്ഥലങ്ങള്‍, ആയക്കെട്ട് ഏരിയ തുടങ്ങിയ വേര്‍തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഡെല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് സര്‍വേ നടത്തിയത്. ആനപ്പാറയിലെ മില്‍മ ശീതീകരണ ശാലയുടെ മുകള്‍ ഭാഗത്താണ് അണക്കെട്ടിന്റെ സ്ഥാനം. അര ടി.എം.സി. സംഭരണ ശേഷിയുള്ള ഡാമാണ് വിഭാവനം ചെയ്യുന്നത്. ജനങ്ങളെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍, കുടിയിറക്കുകള്‍ പരമാവധി കുറച്ചുള്ള പദ്ധതിയേ നടപ്പാക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. .