സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 700ല്‍പരം നാട്ടുകലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തുടിക്കളിക്ക്(അറബുട്ടാളു) നാളെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനം വേദിയാകും. ഉച്ചകഴിഞ്ഞ് 3 മുതല്‍ നാലുവരെയാണ് ലോക റെക്കാര്‍ഡ് ലക്ഷ്യമിട്ട് അറബുട്ടാളു അവതരണം. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സമിതിയും ഉണര്‍വ് നാടന്‍ കലാപഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി നടത്തുന്നതെന്നു സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാരമ്പര്യ ഗോത്ര വാദ്യോപകരണമായ തുടിയുടെ ആകൃതിയില്‍ കലാകാരന്‍മാരെ വിന്യസിച്ചാണ് ‘അറബുട്ടാളു’ അവതരിപ്പിക്കുന്നത്. തുടിക്കളിയില്‍ അണിനിരക്കുന്നതില്‍ 200ല്‍പരം കലാകാരന്‍മാര്‍ വയനാട്ടിലെ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരാണ്. നേരത്തേ ചിട്ടപ്പെടുത്തിയതനുസരിച്ച് കലാകാരന്‍മാര്‍ പരിശീലനം നേടിയിരുന്നു. നാളെ അവതരണത്തിനു മുമ്പ് രണ്ടു തവണ റിഹേഴ്സല്‍ ഉണ്ടാകും. നാട്ടുകലാകാര കൂട്ടം സംസ്ഥാന സമിതി നടത്തുന്ന നാലാമത് ലോക റെക്കോര്‍ഡിനായുള്ള പരിപാടിയാണ് കല്‍പ്പറ്റയില്‍ ഞായറാഴ്ച നടക്കുന്നത്. രമേഷ് കരിന്തലക്കൂട്ടം, ഉദയന്‍ കുണ്ടുംകുഴി, വിജയന്‍ ഗോത്രമൊഴി, ബിജു കൂട്ടം, രതീഷ് ഉണര്‍വ്, വിപിന്‍ പൊലിക, ബൈജു തൈവ മക്കള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.