വൈദ്യഗിരി ശ്രീ സുബ്രഹ്‌മണ്യസ്വാമീ ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവവും വിഗ്രഹ നിമജ്ഞന ഘോഷയാത്രയും നടത്തും.ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീപാര്‍വ്വതിയുടേയും കൈലാസനാഥനായ ശ്രീപരമേശ്വരന്റെയും പുത്രനായ മഹാഗണപതി എല്ലാ ഈശ്വരന്മാരിലും ആദ്യം ആരാധിക്കപ്പെടുന്ന മൂര്‍ത്തിയാണ് ചാന്ദ്ര കലണ്ടര്‍ പ്രകാരം ആഗസ്ത് സെപ്തംബര്‍ മാസങ്ങള്‍ ചേര്‍ന്ന് വരുന്ന ഭാദ്രമാസത്തിലെ ശുക്ലപക്ഷത്തിലാണ് ഗണപതിയുടെ ജന്മദിനമായി കണക്കാക്കുന്നത്. ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിനൊടുവില്‍ മണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹം ജലത്തില്‍ ലയിപ്പിക്കുന്നു.
ഏകദന്തന്‍ , വിനായകന്‍ , പിള്ളയാര്‍ , ഹേരംബ, ഈശ്വര പുത്ര, ഗണദാക്ഷ , മനോമയ , മഹാബല, ഓംകാര , സിദ്ധിധത, ഉദ്ദണ്ഡ, നാദപ്രതിഷ്ഠ, വിഘ്‌നഹര്‍ത്ത , ഗജാനന്‍, വക്രതുണ്ഡന്‍, ലംബോധരന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഗണപതി ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്.ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും മറ്റും പ്രധാന ചടങ്ങുകള്‍ക്ക് മുന്‍പ് ആദ്യം വിഘ്‌നങ്ങള്‍ മാറ്റുന്ന വിനായകന് ‘മോദകം ‘ നല്‍കി പ്രീതിപ്പെടുത്താറുണ്ട്.
വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വൈദ്യഗിരി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെ വൈത്തിരി പഞ്ചായത്ത് പരിസരത്തു നിന്നും ആഗസ്ത് 20 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വിഗ്രഹ നിമജ്ഞന ഘോഷയാത്ര ആരംഭിച്ച് പഴയ വൈത്തിരിയില്‍ വിഗ്രഹ നിമജ്ഞനത്തോടെ സമാപിക്കും.