പൊലിസിനെതിരെ ആരോപണങ്ങളുമായി കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാക്കള്‍. സ്‌കൂളിന് പുറത്ത് വച്ച് സുഹൃത്തിനെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത് സംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കാനെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കേസില്‍ അറസ്റ്റിലായ വി.കെ മുഹമ്മദ് യാസിര്‍, പുഴയ്ക്കല്‍ ഷഹല്‍, കായക്കല്‍ മുഹമ്മദ് ഷനൂബ്, പുല്ലാന്നിക്കല്‍ മുഹമ്മദ് അമാസ്, പാമ്പോടന്‍ ജാസര്‍ മിദ്ലാജ്, സ്‌കൂളിന് പുറത്ത് വച്ച് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ വി.കെ ഷംനാദ് എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിചേര്‍ക്കപ്പെട്ട പുല്ലാന്നിക്കല്‍ മുഹമ്മദ് അമാസ്, പാമ്പോടന്‍ ജാസര്‍ മിദ്ലാജ് എന്നിവര്‍ ജാസര്‍ മിദ്ലാജിന്റെ സ്‌കൂളില്‍ പഠിക്കുന്ന സഹോദരിയെ കൂട്ടാനായാണ് സ്‌കൂളിലെത്തിയത്. അടിപിടി കണ്ട പിടിച്ച് മാറ്റാന്‍ പോയതാണെന്നും ഇവര്‍ പറഞ്ഞു. പുഴയ്ക്കല്‍ ഷഹല്‍, കായക്കല്‍ മുഹമ്മദ് ഷനൂബ് എന്നിവര്‍ പൊലിസിനൊപ്പമാണ് ക്യാംപസിലെത്തിയത്. എന്നാല്‍ സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാതെയും തങ്ങള്‍ പറയുന്നത് കേള്‍ക്കാതെയും അകാരണമായി തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മര്‍ദനമേറ്റ വി.കെ ഷംനാദിന്റെ പരാതി സ്വീകരിക്കാന്‍ കമ്പളക്കാട് പൊലിസ് തയാറായില്ലെന്നും ഇവര്‍ പറഞ്ഞു. പിന്നീട് കഴിഞ്ഞ ദിവസം മാതാവ് എത്തി എസ്.പിക്ക് പരാതി നല്‍കിയതോടെയാണ് പൊലിസ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തത്. മര്‍ദനത്തില്‍ ഷംനാദിന്റെ കൈക്ക് പൊട്ടലുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടി തങ്ങളുടെ മേല്‍ചാര്‍ത്തി കള്ളക്കേസെടുത്തിരിക്കുകയാണ്. ലഹരി ഉപയോഗിച്ച് ക്യാംപസില്‍ കയറിയെന്നാണ് പൊലിസ് പ്രചരിപ്പിച്ചത്. ഇത് വാസ്തവ വിരുദ്ധമാണ്. കോടതിയില്‍ ഹാജരാക്കുന്നതില്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയ പൊലിസ്, സ്റ്റേഷനില്‍ വച്ച് മോശമായാണ് പെരുമാറിയതെന്നും ഇവര്‍ പറഞ്ഞു. സി.ഐക്കെതിരേ നടപടിയാവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു.