ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

0

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല.നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും പട്രോളിംഗ് ശക്തമാക്കും.

 

ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും വെള്ളിയാഴ്ച ഹാര്‍ബറുകളില്‍ പ്രവേശിക്കും.മുഴുവന്‍ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും.
അനധികൃത ഇന്ധന വില്‍പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!