ജില്ലകള്‍ തിരിച്ച്  ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇങ്ങനെ

0

കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. വയനാട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. ടിപിആര്‍ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ ഉണ്ടാകും.

മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് സമ്പൂര്‍ണ ലോക്ഡൗണ്‍.

പാലക്കാട് ജില്ലയില്‍ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.

തൃശ്ശൂരില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. എന്നാല്‍ ടിപിആര്‍ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ലോക്ഡൗണുണ്ടാകും.

എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. സി വിഭാഗത്തില്‍പ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണായിരിക്കും.

ആലപ്പുഴയിലും സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളില്‍ ലോക്ഡൗണായിരിക്കും.

കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. സി വിഭാഗത്തില്‍പ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ലോക്ഡൗണായിരിക്കും.

കൊല്ലം ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ എവിടെയുമില്ല. എന്നാല്‍ സി വിഭാഗത്തില്‍പ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളില്‍ ലോക്ഡൗണായിരിക്കും.

തിരുവനന്തപുരം ജില്ലയില്‍ ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. കഠിനംകുളം, പോത്തന്‍കോട്, പനവൂര്‍, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂര്‍ണമായും അടച്ചിടുക.

യാത്ര ചെയ്യുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.

സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!