ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ച് വായ്പ എടുത്തും വലിയ തുക വായ്പ വാഗ്ദാനം ചെയ്ത് രജിസ്‌ട്രേഷന്‍ തുകയായി സമാഹരിച്ചും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളാണ് പരാതിക്കാര്‍.സ്ത്രീകള്‍ ഉള്‍പ്പടെ പ്രതികളായ കേസില്‍ മീനങ്ങാടി മടയില്‍ വളപ്പില്‍ ജംഷീര്‍ എന്നയാളാണ് തങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതെന്ന് ഇരകളായ സ്ത്രീകള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാതാവിന് ക്യാന്‍സര്‍ ആണന്നും ചികിത്സക്ക് പണം ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം പണം തട്ടിയത്. തങ്ങളുടെ ആധാര്‍ കാര്‍ഡും ഗ്രൂപ്പിന്റെ പേരും ഉപയോഗിച്ചാണ് പണം സമ്പാദിച്ചത്.കൂലിപ്പണിയെടുത്തും വീട്ടുവേല ചെയതും സമാഹരിക്കുന്ന പണം ഇപ്പോള്‍ തട്ടിപ്പു സംഘത്തിന് വേണ്ടി തിരിച്ചടക്കേണ്ട അവസ്ഥയിലാണന്ന് ഇവര്‍ പറഞ്ഞു.
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ മേധാവി മാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി തങ്ങള്‍ നീതിക്കായി കാത്തിരിക്കുകയാണെന്ന് ഇരയായ സ്ത്രീകള്‍ പറഞ്ഞു. സമാന രീതിയില്‍ ജില്ലയുടെ പല ഭാഗത്തും തട്ടിപ്പ് നടന്നിട്ടുണ്ട്.