കല്‍പ്പറ്റ മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തി; അവലോകന യോഗം ചേര്‍ന്നു

0

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിലവില്‍ നടന്നുവരുന്നതും, പുതിയതായി ആരംഭിക്കാനുമുള്ള കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ അധ്യക്ഷതയില്‍ കിഫ്ബി ആസ്ഥാനത്ത് നടത്തി. ജനങ്ങളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിട്ടുള്ള കല്‍പ്പറ്റ ബൈപ്പാസ് പ്രവൃത്തിയെക്കുറിച്ചാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കല്‍പ്പറ്റ ബൈപ്പാസില്‍ നിലവില്‍ പ്രവൃത്തി നടത്തി വരുന്ന കരാറുകാരന്റെ നിരുത്തരവാദപരമായ നടത്തിപ്പാണ് ഈ പ്രവൃത്തിയുടെ ശോചനീയവസ്ഥക്ക് കാരണമെന്ന് യോഗം വിലയിരുത്തി. അതിനാല്‍ നിലവിലുള്ള കരാറുകാരനെ നേരില്‍ വിളിപ്പിച്ച് അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇയാളെ പ്രവൃത്തിയില്‍ നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചു. പ്രവൃത്തി പുനക്രമീകരിക്കുകയാണെങ്കില്‍ അതിന് മുമ്പ് റോഡ് ജനങ്ങള്‍ക്ക് ഗതാഗതയോഗ്യമാക്കും. അതിന് ശേഷം എത്രയും വേഗം പ്രധാന പ്രവൃത്തി പുനരാരംഭിച്ച് ഫെബ്രുവരി-മാര്‍ച്ചോടെ റോഡ് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കല്‍പ്പറ്റ – വാരാമ്പറ്റ റോഡുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങളില്‍ താമസിക്കുന്ന ആറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയോ സ്ഥലം ബാക്കി ഉണ്ടെങ്കില്‍ വീട് പണിത് നല്‍കുകയോ ആകാമെന്ന് കിഫ്ബി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രദേശവാസികളുടെയും, ജനപ്രതിനിധികളുടേയും ഒരു യോഗം വിളിച്ച് പ്രശ്ന പരിഹാരം നടത്തുമെന്ന് എം എല്‍ എ അറിയിച്ചു.

മറ്റൊരു പ്രധാന റോഡായ മേപ്പാടി – ചൂരല്‍മല പാതയുടെ പ്രവൃത്തി നടപ്പിലാകാനുള്ള കാലതാമസം ലാന്‍ഡ് അക്യുസേഷന്‍ ആയിട്ട് ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളാണ്. ഇതിന് പരിഹാരം കാണാന്‍ നിരവധി ചര്‍ച്ചകളും, മീറ്റിംഗുകളും നടത്തുകയുണ്ടായി. ഇതില്‍ ഏകദേശം സ്ഥലം വിട്ട് നല്‍കാനുള്ള ധാരണയായിട്ടുണ്ട്. റോഡിന്റെ ഇപ്പോഴുള്ള ശോചനീയാവസ്ഥ ഒഴിവാക്കണമെന്ന് എം എല്‍ എ നേരിട്ടും, കത്ത് മുഖേനെയും നിരവധി ശ്രമങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി പുനരുദ്ധാരണ പ്രവൃത്തി നടപ്പിലാക്കുകയും ഈ പ്രവൃത്തി 27,52,673.47 രൂപക്ക് കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി മാസത്തോടെ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

എന്‍ എം എസ് എം ഗവ. കോളജിന്റെ പ്രവര്‍ത്തിയില്‍ നേരത്തെ എടുത്തിരുന്ന എക്സിക്യൂട്ടീവ് ഏജന്‍സിയായ കിറ്റ്കോയും ഇപ്പോഴത്തെ ഏജന്‍സിയായ കെ സിറ്റിലുമായി നിലവിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഉടന്‍ പ്രവൃത്തി ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കും. പത്തോളം സ്‌കൂളുകളിലുള്ള പ്രവൃത്തികളും വിലയിരുത്തി. ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവൃത്തിയും ജൂണില്‍ പൂര്‍ത്തീകരിക്കും. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡുമായി ബന്ധപ്പെട്ട സര്‍വകക്ഷി ജനപ്രതിനിധികളുടെ യോഗം ഈ മാസം 28ന് ചേരുമെന്നും എം എല്‍ എ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!