വൈത്തിരിയില്‍ ഡി.ജെ പാര്‍ട്ടിക്ക് ഉപയോഗത്തിനായും വില്‍പ്പനക്കായും എം.ഡി.എം.എ സൂക്ഷിച്ച ഒമ്പതംഗ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഹോം സ്റ്റേ ഉടമയെ കേസില്‍ നിന്നും ഒഴിവാക്കാനായി ഒന്നേകാല്‍ ലക്ഷം രൂപ പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതായി ആരോപണം. വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ ജയനെതിരെയാണ് ആരോപണമുള്ളത്. ഇത് സംബന്ധിച്ച് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഓഫീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായും സൂചനയുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജൂണ്‍ 27 ന് രാവിലെയാണ് ലക്കിടി മണ്ടമലയിലുള്ള ഹോംസ്റ്റേയിലെത്തി 9 പ്രതികളെ പിടികൂടിയത്. 10.20 ഗ്രാം എം.ഡി.എം.എയും ഇവരില്‍ നിന്നും പിടികൂടിയിരുന്നു. വയനാട്, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവര്‍ താമസിച്ച ഹോംസ്റ്റേയില്‍ നിന്ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.