വഴിയോര ഭക്ഷണങ്ങള്‍ സുരക്ഷിതമാക്കാന്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്

0

സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാംപെയ്‌ന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണു ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്.ആദ്യഘട്ടമായി കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തത്. കാസര്‍കോട് ജില്ലയില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ഫൈനല്‍ ഓഡിറ്റ് നടത്തിയിരുന്നു. തളങ്കര ഹാര്‍ബര്‍ മലബാര്‍ വാട്ടര്‍ സ്പോര്‍ട്സ് സ്ട്രീറ്റ് ഫുഡിലാണ് ഇതു നടപ്പിലാക്കിയത്. ഇതു സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ്. ഇതിലൂടെ വഴിയോര ഭക്ഷണങ്ങള്‍ സുരക്ഷിതമാക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.തട്ടുകടകള്‍, ചെറിയ ഭക്ഷണ ശാലകള്‍ എന്നിവയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പരിധിയില്‍ വരുന്നത്. 20 മുതല്‍ 50 വരെ ചെറുകടകളുള്ള സ്ഥലങ്ങള്‍ കണക്കാക്കിയാണു ക്ലസ്റ്ററായി തിരിക്കുന്നത്. ഇവിടങ്ങളിലെ കടകളില്‍ വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇവര്‍ക്കു മതിയായ പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കും.പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആ ക്ലസ്റ്ററില്‍ പ്രീ ഓഡിറ്റ് നടത്തും. നിലവിലെ കടകളിലെ സൗകര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഇതോടൊപ്പം കടകളിലെ ജീവനക്കാര്‍ക്കു ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനവും നല്‍കും. കെട്ടിടം, വസ്ത്രം, പാത്രം, ശുചിത്വം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. എഫ്എസ്എസ്എഐയുടെ നേതൃത്വത്തിലാണ് ഫൈനല്‍ ഓഡിറ്റ് നടത്തുന്നത്. ഈ ഫൈനല്‍ ഓഡിറ്റിനു ശേഷം സര്‍ട്ടിഫിക്കേഷന്‍ നല്‍കും.ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള സര്‍ട്ടിഫിക്കേഷനാണു നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!