മാനന്തവാടി ബസ് സ്റ്റാന്റിലെ സംഘര്‍ഷം: സമയ ക്രമീകരണം ഏര്‍പ്പെടുത്തി
മാനന്തവാടി ബസ് സ്റ്റാന്റില്‍ ട്രാക്കില്‍ ബസ് കയറ്റിവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തിയ സംഭവം. പോലീസ് സ്വമേധയാ കേസെടുത്തതിന് പുറമെ സ്റ്റാന്റില്‍ ബസ് കയറ്റുന്നതിനും പുറപ്പെടുന്നതിനും ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് സമയ ക്രമീകരണം ഏര്‍പ്പെടുത്തി.സര്‍വ്വീസ് പുറപ്പെടുന്നതിന് 10 മിനിട്ട് മുന്‍പ് മാത്രമെ സ്റ്റാന്റില്‍ ബസ്സുകള്‍ കയറ്റാന്‍ പാടുള്ളൂ. 10 മിനിട്ട് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടതിനു ശേഷം സര്‍വ്വീസ് പുറപ്പെടണം. അല്ലാത്ത ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.
കെ.എസ്.ആര്‍.ടി.സി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരുമാണ് ജോലിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ നോക്കിനില്‍ക്കേ തമ്മില്‍ തല്ലിയത് .ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം. കല്പറ്റ- മാനന്തവാടി റൂട്ടിലോടുന്ന ആദിത്യ ബസ്സും മാനന്തവാടി- വാളാട് റൂട്ടിലേക്ക് സര്‍വീസ് നടത്താനെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ്സും സ്റ്റാന്‍ഡില്‍ ഒഴിവുള്ള ഏക ട്രാക്കില്‍ കയറ്റിവെക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇരു ബസ്സുകളും പരസ്പരം ഉരസുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്. ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും മറ്റു ബസ് ജീവനക്കാരും പിടിച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇരുവിഭാഗത്തോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. പരാതിയില്ലെന്നറിയിച്ച ഇരുവിഭാഗവും പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയാണ് ചെയ്തത്.
എന്നാല്‍ പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ മാനന്തവാടി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പോലീസ് കേസെടുത്തതിന് പുറമെ സ്റ്റാന്റില്‍ ബസ്സ് കയറ്റുന്നതിനും പുറപ്പെടുന്നതിനും ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് സമയക്രമികരണവും ഏര്‍പ്പെടുത്തി.