ക്രിസ്മസ്,  പുതുവത്സര ചന്തകളുടെ  പ്രവര്‍ത്തനം തുടങ്ങി

0

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു.ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. പൊതു വിപണിയില്‍ വില പിടിച്ചുനിര്‍ത്തുന്ന ഇടപെടല്‍ സപ്ലൈകോ തുടരുകയാണെന്നും കഴിഞ്ഞകാലങ്ങളില്‍ ഇത്തരം ഇടപെടലുകളുടെ പ്രയോജനം വലിയ തോതില്‍ ജനങ്ങള്‍ക്ക് ലഭിച്ചതായും മന്ത്രി പറഞ്ഞു.

രാജ്യത്താകെ വിലക്കയറ്റം രൂക്ഷമായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം കേരളത്തില്‍ വിലക്കയറ്റം ബാധിച്ചില്ല. അരി വണ്ടി, മൊബൈല്‍ വാഹനങ്ങള്‍ എന്നിവ വഴി നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു.

1437 രൂപ യഥാര്‍ഥ വിലവരുന്ന നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡിയായി 755 രൂപ നിരക്കില്‍ ചന്തയില്‍ നല്‍കുന്നത്. സബ്സിഡി നിരക്കില്‍ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വന്‍പയര്‍ 47.10 രൂപ, തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റര്‍) 125 രൂപ എന്നിങ്ങനെ ലഭിക്കും.

ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിശേഷ അവസരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് സപ്ലൈകോ ചന്തകളെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെയും സപ്ലൈകോയുടെയും സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക കളര്‍കോഡ് ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!