ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ യുവാവിനെ മണിക്കൂറുകള്‍ കൊണ്ട് പിടികൂടി

0

ആഡംബര റിസോര്‍ട്ടില്‍ മുറിയെടുത്ത ശേഷം ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി, കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത യുവാവിനെ സുല്‍ത്താന്‍ ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം എ സന്തോഷിന്റെ നേതൃത്വത്തില്‍ പൊലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് തട്ടിപ്പിനിടയായ സംഭവം നടന്നത്.

സുല്‍ത്താന്‍ ബത്തേരിയിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ മുറിയെടുത്ത റാഹില്‍ പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന വ്യാജേനയാണ് സുല്‍ത്താന്‍ ബത്തേരിയിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണ കോയിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. സ്വര്‍ണം ബില്ല് ചെയ്ത ശേഷം റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നാല്‍ പണം നേരിട്ട് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടിലെത്തി റാഹിലിന് സ്വര്‍ണ കോയിനുകള്‍ കൈമാറി. അരപ്പവന്റെ ആറ് കോയിനുകളും ഒരു പവന്റെ നാല് കോയിനുകളുമാണ് കൈമാറിയത്. സ്വര്‍ണ കോയിനുകള്‍ തന്റെ മാഡത്തിന് പരിശോധിക്കണമെന്നും അവര്‍ തൊട്ടടുത്ത മുറിയിലുണ്ടെന്നും പറഞ്ഞശേഷം കോയിനുമായി മുറിക്ക് പുറത്തേക്ക് പോയ റാഹില്‍ അല്പ സമയത്തിന് ശേഷം തിരിച്ചെത്തി, മാഡത്തിന് കോയിനുകള്‍ ഇഷ്ടപ്പെട്ടെന്നും പണം എണ്ണുന്നതിനുള്ള മെഷീന്‍ താഴെ കാറിലാണെന്നും അത് എടുത്തിട്ടുവരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. ഏറെ നേരംകഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്. റിസോര്‍ട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ് ഉടന്‍തന്നെ മറ്റ് പൊലിസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു.

ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മുങ്ങിയ റാഹില്‍ കല്പറ്റയിലെ ഒരു സ്ഥാപനത്തില്‍ ഒരു സ്വര്‍ണ കോയിന്‍ വിറ്റതായി സൂചനയുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് രക്ഷപെടുന്നതിനിടെ രാത്രിയോടെ കുന്ദമംഗലത്ത് വെച്ചാണ് റാഹില്‍ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ രീതിയില്‍ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസുകളില്‍ ഇതിന് മുമ്പും റാഹില്‍ പൊലിസിന്റെ പിടിയിലായിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!