ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും

0

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാനുള്ള, ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പത്തുവര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. നേരിട്ടും ഓണ്‍ലൈനായുമുള്ള അധിക്ഷേപങ്ങളും നിയമപരിധിയില്‍ കൊണ്ടുവരും.ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാശം വരുത്തുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിനു മുകളില്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷംവരെ തടവും 50000രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. ഇത് ഭേദഗതി ചെയ്ത് 7വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണ് തീരുമാനം. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പത്തുവര്‍ഷം ശിക്ഷയും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും ലഭിക്കും. ഓര്‍ഡിനന്‍സിന്റെ കരട് ആരോഗ്യ ,ആഭ്യന്തര ,നിയമ വകുപ്പ് മന്ത്രിമാര്‍ക്ക് കൈമാറി. തുടര്‍ നടപടികള്‍ക്ക് ശേഷം മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.നിയമ,ആഭ്യന്തര,ആരോഗ്യ സെക്രട്ടറിമാര്‍ കൂടിയാലോചിച്ചാണ് കരട് ബില്‍ തയാറാക്കിയത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം കരട് ബില്‍ പരിഗണിക്കും. ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ പ്രതീക്ഷയെന്നും വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ് പറഞ്ഞു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നിയമഭേതഗതിയ്ക്ക് വേഗം കൂടിയതും ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതും. മെഡിക്കല്‍,പാരമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം പഠന സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഭേതഗതി കൊണ്ടുവരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!