ശമ്പള പരിഷ്‌കരണം; കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും അനിശ്ചിതകാല സമരം

0

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പണിമുടക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നിയിച്ച് പണിമുടക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് ടിഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.

നേരത്തേത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നും ടി.ഡി.എഫ് വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹവും ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. മറ്റ് തൊഴിലാളി സംഘനടകളുമായി ചര്‍ച്ച നടത്തി അവരെ കൂടെ സമരത്തിന്റെ ഭാഗമാക്കാനാമ് ടി.ഡി.എഫ് നീക്കം.

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആര്‍.ടി.സി. യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഇത് ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ തയ്യാറായില്ല. അതിനാല്‍ ഈ സമരത്തില്‍ ഒരു ന്യായീകരണവും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലേയ്ക്ക് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!