മാനന്തവാടി അഴകുള്ള ആനന്ദവാടി :ശുചിത്വ ഹര്‍ത്താല്‍ 6ന്
മാനന്തവാടി അഴകുള്ള ആനന്ദവാടി, ശുചിത്വ ഹര്‍ത്താല്‍ ആറാം തിയ്യതി രാവിലെ 8 മണി മുതല്‍ 10 മണി വരെ നടത്തുമെന്ന് നഗരസഭ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് ബഹുജന പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടൗണ്‍ പ്രദേശത്തെ 9 ക്ലസ്റ്ററുകളായി തിരിച്ചാണ് ശുചീകരണം.
ഒരോ ക്ലസ്റ്ററിനും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും, എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി, ഹരിത കര്‍മ്മ സേന, കുടുബശ്രീ, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, വ്യാപാരികള്‍ എന്നിവര്‍ പങ്കാളികളാകും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം രാവിലെ 8 മണിക്ക് ചലചിത്ര താരവും വിജിലന്‍സ് ഡിവൈഎസ്പിയുമായ സിബി തോമസ് നിര്‍വ്വഹിക്കും.ഇതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണവും, വലിച്ചെറിയല്‍ മുക്ത കേരളവും എന്ന സന്ദേശമുയര്‍ത്തിയുള്ള വിളംബര റാലി 5 തിയ്യതി വൈകുന്നേരം നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ സി കെ രത്‌ന വല്ലി, ജേക്കബ് സെബാസ്റ്റ്യന്‍, പി വി എസ് മുസ, ഫാത്തിമ ടീച്ചര്‍, ക്‌ളീന്‍ സിറ്റി മാനേജര്‍ ശശി നടുവിലാകണ്ടിയില്‍, പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ കെ എം പ്രസാദ് എന്നിവര്‍ പങ്കെടുത്തു.