ഇരുചക്ര വാഹനങ്ങളില്‍ കുടപിടിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കുടയുമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് അപകടം വിളിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മഴക്കാലത്തടക്കം പൊതുനിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരുടെയും പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരുടെയും എണ്ണം സംസ്ഥാനത്ത് അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയില്‍ ഇത്തരം പ്രവണത സൂക്ഷ്മമായി നിരീക്ഷിക്കാനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടി.സി വിനേഷ് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കുടചൂടിയുള്ള യാത്രയുടെ അപകടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.