24 മണിക്കൂറും നമ്മുടെ കൈയിലുള്ള ഉപകരണം, ഉറങ്ങുമ്പോള്‍ പലരും തലയിണയ്ക്കടിയില്‍ വരെ വയ്ക്കുന്നു..മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അടുത്തിടെയായി കേള്‍ക്കുന്ന വാര്‍ത്തകള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. നാം കൈയില്‍ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണുകള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിത്തെറിക്കുകയാണ്…! ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തൃശൂര്‍ തിരുവില്വാമലയില്‍ നടന്നത്. എട്ട് വയസുകാരിയായ ആദിത്യശ്രീക്കാണ് മൊബൈല്‍ പൊട്ടിത്തെറിച്ച് കൈക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റ് ജീവന്‍ നഷ്ടമായത്.
ഈ പശ്ചാത്തലത്തില്‍ നമ്മുടെയെല്ലാം മനസില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എങ്ങനെയാണ് ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? മൊബൈല്‍ ഫോണ്‍ എങ്ങനെ സൂക്ഷിക്കണം ?
ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ബാറ്ററി തകരാര്‍ തന്നെയാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ലിതിയം-അയേണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് തകരാര്‍ സംഭവിച്ചാല്‍ ബാറ്ററിയിലടങ്ങിയ വസ്തുക്കളില്‍ രാസപ്രവര്‍ത്തനം നടക്കുകയും ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ബാറ്ററിക്ക് തകരാര്‍ സംഭവിക്കുന്നത് ?
ഫോണിന്റെ ഡിസ്പ്ലേയിലെ സുഷിരം വഴി വാതകം വെടിയുണ്ട കണക്കെ ചീറ്റി; ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും
ബാറ്ററി തകരാറിലാവുന്നതെങ്ങനെ ?
അമിത ചൂടാണ് ബാറ്ററികള്‍ തകരാറിലാകാനുള്ള പ്രധാന കാരണം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ബാറ്ററിയോ അമിതമായി പ്രവര്‍ത്തിക്കുന്ന പ്രൊസസറോ പെട്ടെന്ന് ചൂടാകുന്നത് ഫോണിന്റെ രാസഘടനയെ ബാധിക്കും. ഇത് ശൃംഖലാ പ്രതിപ്രവര്‍ത്തനം അഥവാ ചെയിന്‍ റിയാക്ഷനിലൂടെ ബാറ്ററി അമിത ചൂട് ഉത്പാദിപ്പിക്കുന്നതിന് കാരണമാവുകയും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
ഫോണ്‍ അമതിമായി ചൂടാകാന്‍ കാരണമെന്ത് ?
വെയിലത്ത് ഫോണ്‍ ഏറെ നേരം വയ്ക്കുക, സിപിയുവിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മാല്‍വെയറിന്റെ സാന്നിധ്യം, ചാര്‍ജിംഗിലെ പ്രശ്നം എന്നിങ്ങനെ ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണങ്ങളേറെയാണ്. വര്‍ഷങ്ങളേറെയായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ ആന്തരിക ഘടകങ്ങള്‍ വീര്‍ക്കുകയും അമിതമായി ചൂടാകുകയും ചെയ്യാറുണ്ട്. ഇതും ഫോണ്‍ പൊട്ടിത്തെറിക്ക് കാരണമാകും. മാനുഫാക്ചറിംഗ് ഡിഫക്ടും ഫോണ്‍ പൊട്ടിത്തെറിയിലേക്ക് നയിക്കാറുണ്ട്.
ഫോണ്‍ പൊട്ടിത്തെറിക്കും മുന്‍പ് സൂചനകള്‍ ലഭിക്കുമോ ?
ഒരു വസ്തു പൊട്ടിത്തെറിക്കും മുന്‍പ് പുക ഉയരുകയോ മറ്റോ ചെയ്യാറുണ്ട്. എന്നാല്‍ ഒരു ഫോണ്‍ പൊട്ടിത്തെറിക്കും മുന്‍പ് കൃത്യമായ സൂചനകളൊന്നും തന്നെയുണ്ടാകില്ല. വളരെ പെട്ടെന്നുണ്ടാകുന്ന പൊട്ടിത്തെറിയായതിനാല്‍ തന്നെ ഫോണിന് സമീപമുള്ളവര്‍ക്ക് പരുക്കേല്‍ക്കുമെന്ന് ഉറപ്പാണ്.
പക്ഷേ മൊബൈല്‍ ഫോണ്‍ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. നേരത്തെ പറഞ്ഞത് പോലെ അമിതമായി ചൂടാകുന്നത് തന്നെയാണ് ഒരു ലക്ഷണം. അതുകൊണ്ട് തന്നെ ഫോണ്‍ അമിതമായി ചൂടായാല്‍ അത് ചാര്‍ജിംഗില്‍ ആണെങ്കില്‍ ഉടന്‍ അണ്‍പ്ലഗ് ചെയ്യാന്‍ ശ്രദ്ധിക്കുക.
ബാറ്ററി വീര്‍ക്കുന്നതാണ് രണ്ടാമത്തെ ലക്ഷണം. ഫോണ്‍ ബാറ്ററി വീര്‍ക്കുക, സ്‌ക്രീന്‍ യാതൊരു കാരണവുമില്ലാതെ പൊട്ടുക, ഫോണ്‍ ചാസിസ് വീര്‍ത്ത് നിരപ്പായ പ്രതലത്തില്‍ ഫോണ്‍ വച്ചാലും അത് പ്രതലത്തോട് ചേര്‍ന്നിരിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അപകടത്തിലേക്ക് വരില്‍ ചൂണ്ടുന്നവയാണ്.
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഒന്നുശ്രദ്ധിച്ചാല്‍ വലിയ അപകടങ്ങളില്‍ നിന്ന് ഒഴിവാകാം.
ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകള്‍ ഒഴിവാക്കാനായി ഫോണ്‍ കവര്‍ ഉപയോഗിക്കുക.
പൊരിവെയിലത്ത് നിന്നും, കനത്ത ചൂടില്‍ നിന്ന് ഫോണിനെ സംരക്ഷിക്കുക
ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം ഫോണ്‍ ചാര്‍ജിംഗില്‍ ഇടുക
നല്ല ബാറ്ററി ഹൈജീന്‍ നിലനിര്‍ത്തുക. ഫോണ്‍ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്പോള്‍ ചാര്‍ജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്പോള്‍ ചാര്‍ജിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്.
ചാര്‍ജിംഗിനായി ഫോണ്‍ കമ്പനി നല്‍കിയ ചാര്‍ജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോണ്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാതിരിക്കുക.
ഫോണിനെ ആക്രമിക്കുന്ന മാല്‍വെയറുകളെ കരുതിയിരിക്കുക.
മാനുഫാക്ചറിംഗ് ഡിഫ്കടുള്ള ഫോണുകള്‍ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോക്താവ് നിസഹായനാണ്.